ആലപ്പുഴ: വയനാട് ദുരന്തപശ്ചാലത്തില്‍ മാറ്റിവെച്ച നെഹ്രു ട്രോഫി വള്ളംകളിയുടെ പുതിയ തീയതി പ്രഖ്യാപിക്കാനുള്ള ബോട്ട് റേസ് കമ്മിറ്റി (എന്‍.ടി.ബി.ആര്‍) ചൊവ്വാഴ്ച നിശ്ചയിച്ച നിര്‍ണായകയോഗം മാറ്റിവെച്ചു. സെപ്റ്റംബര്‍ ഏഴിന് നടത്താനായിരുന്നു ആലോചന. അടുത്തമാസത്തേക്ക് മാറ്റാതെ ഈമാസം അവസാനം തന്നെ വള്ളംകളി നടത്തണമെന്നാണ് കേരള ബോട്ട് ക്ലബ് അസോസിയേഷന്റെ ആവശ്യം.
ഇത് അംഗീകരിച്ചില്ലെങ്കില്‍ അടുത്തവര്‍ഷം മുതല്‍ ആഗസ്റ്റില്‍ നടത്തുന്ന വള്ളംകളിയില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ തീയതിയടക്കം പ്രഖ്യാപിക്കുന്നത് സര്‍ക്കാര്‍തലത്തില്‍ ധാരണയെത്തിയശേഷം മതിയെന്ന നിലപാട് സ്വീകരിച്ചതോടെയാണ് എന്‍.ടി.ബി.ആര്‍ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചത്.
ബുധനാഴ്ച തിരുവനന്തപുരത്ത് മന്ത്രിസഭായോഗം ചേരുമ്പോള്‍ ജില്ലയിലെ മന്ത്രിമാര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ഇതില്‍ ധാരണയെത്തിയശേഷം രണ്ടുദിവസത്തിനകം യോഗം വിളിക്കുമെന്നാണ് വിവരം.
മത്സരം നീണ്ടുപോയാല്‍ വളളംകളിക്ക് അധികബാധ്യതയുണ്ടാകും. തീയതി തീരുമാനിക്കാതെ അനിശ്ചിതമായി നീണ്ടാല്‍ തുഴച്ചിലിന് പരിശീലനം നടത്തുന്നവരുടെ കായികശേഷി കുറയുകയും ഇത് മത്സരത്തെ ബാധിക്കുമെന്നും ക്ലബുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടക്കേണ്ട വള്ളംകളിയാണ് വയനാട് ദുരന്തപശ്ചാത്തലത്തില്‍ മാറ്റിയത്. വള്ളംകളിക്കായി പുന്നമടയില്‍ നിര്‍മിക്കുന്ന താല്‍ക്കാലിക പവിലിയന്‍ അതേപടി നിലനിര്‍ത്തിയിരിക്കുകയാണ്. ഇത് കാരണം പുന്നമട ഫിനിഷിങ് പോയിന്റില്‍ ഹൗസ്‌ബോട്ടുകള്‍ക്ക് അടുക്കാനാകുന്നില്ലെന്നും വരുമാന നഷ്ടമുണ്ടാകുന്നതായും വിനോദസഞ്ചാര മേഖലയിലുള്ളവര്‍ക്കും പരാതിയുണ്ട്.