നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പൊതു അവധി

ഓഗസ്റ്റ് 10-ന് നടത്താനിരുന്ന വള്ളംകളി വയനാട് ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 28 ലേക്ക് മാറ്റുകയായിരുന്നു

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പൊതു അവധി
നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പൊതു അവധി

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. അതേസമയം, 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. 28-ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രിമാർ, ജില്ലയിലെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും പങ്കെടുക്കും.

ഓഗസ്റ്റ് 10-ന് നടത്താനിരുന്ന വള്ളംകളി വയനാട് ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 28 ലേക്ക് മാറ്റുകയായിരുന്നു. സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി സംഘടിപ്പിക്കാറുള്ള വഞ്ചിപ്പാട്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയിട്ടുണ്ട്.

വള്ളംകളിയുടെ പശ്ചാത്തലത്തിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കർശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്. അഞ്ചു ജില്ലകളിലെ സർക്കാർ ഓഫീസുകൾ വഴിയും ബാങ്ക് ഓഫ് ബറോഡ, എസ് ബി ഐ എന്നീ ബാങ്കുകളിലൂടെ ഓൺലൈനായും ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണ്.

Also read: 70ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഇനി രണ്ടുനാൾ

9 വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയിൽ മാറ്റുരയ്ക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ 19 വള്ളങ്ങളുണ്ട്. ചുരുളൻ-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി ഗ്രേഡ്-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

രാവിലെ 11-ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനൽ മത്സരങ്ങൾ. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ അഞ്ചു ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സുകളിൽ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

Top