ഇരുപത് വര്‍ഷങ്ങള്‍ക്കിടെ ഫുട്‌ബോള്‍ ലോകം കണ്ട ഇതിഹാസ താരങ്ങള്‍ ആയ ലിയോണല്‍ മെസ്സിയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമില്ലാതെ ഒരു ബാലന്‍ ഡി ഓര്‍ നാമനിര്‍ദ്ദേശപട്ടിക പുറത്ത് വന്നിരിക്കുന്നു. 2003-ന് ശേഷം ആദ്യമായിട്ട് ആണ് ഇരുവരുടെയും പേരില്ലാതെ ഒരു ബാലന്‍ ഡി ഓര്‍ നാമനിര്‍ദ്ദേശപട്ടിക പുറത്തുവന്നിരിക്കുന്നത്. ഇതിനിടയില്‍ മെസ്സി എട്ടുതവണയും ക്രിസ്റ്റ്യാനോ അഞ്ചുതവണയും ബാലന്‍ ഡി ഓര്‍ നേടി.
രണ്ടുപതിറ്റാണ്ടിനുശേഷം മെസ്സിക്കും റൊണാള്‍ഡോയ്ക്കും ചുറ്റുമായിരുന്നു ബാലന്‍ ഡി ഓര്‍ കറങ്ങിയത്. ഇരുവരുമില്ലാത്ത പട്ടികയ്ക്കൊടുവില്‍ പുതിയ അവകാശിയുണ്ടാവുമ്പോള്‍, ഫുട്ബോളില്‍ പുതിയ യുഗത്തിന്റെ തുടക്കം കൂടിയാവുമത്. തിങ്കളാഴ്ച രാത്രി 1.15-ന് പാരീസില്‍ നടക്കുന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിക്കുക.
റയല്‍ മഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ്, ഇംഗ്ലീഷുകാരനായ ജൂഡ് ബെല്ലിങ്ഹാം, ഫ്രഞ്ചുകാരനായ കിലിയന്‍ എംബാപ്പെ, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ട്, ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്ന്‍, അര്‍ജന്റീനക്കാരനായ ഇന്റര്‍മിലാന്‍ താരം ലൗട്ടാറോ മാര്‍ട്ടിനെസ് എന്നിവരാണ് പുരസ്‌കാരത്തിന് കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നവര്‍. 24-കാരനായ വിനീഷ്യസ് റയലിനായി കഴിഞ്ഞ സീസണില്‍ 24 ഗോളും 11 അസിസ്റ്റും നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും റയലിനായി സ്‌കോര്‍ ചെയ്തു.
വനിതകളില്‍ ബാഴ്‌സ താരം എയ്റ്റാന ബോണ്‍മാറ്റി, ബാഴ്‌സയുടെതന്നെ കോളിന്‍ ഹാന്‍സെന്‍, ലിയോണിന്റെ കാഡിദിയാറ്റു ഡിയാനി എന്നിവരാണ് രംഗത്ത്. ഇത്തവണ പുരുഷ-വനിത വിഭാഗങ്ങളില്‍ പരിശീലകര്‍ക്കും പുരസ്‌കാരം നല്‍കുന്നുണ്ട്.