ഡല്‍ഹി: നെറ്റ്, നീറ്റ് പരീക്ഷകളിലെ ക്രമക്കേടില്‍ കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സീതാറാം യെച്ചൂരി രംഗത്ത്. സംഭവങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നവര്‍ രാജിവെച്ച് പുറത്ത് പോകണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ത്തി വില്‍ക്കുകയാണ്. ഇന്ത്യയുടെ ഭാവി പ്രതീക്ഷകളായ കോടിക്കണക്കിന് കുട്ടികള്‍ ഇതിലൂടെ ബുദ്ധിമുട്ടിലായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെന്ന് ആരോപിച്ച അദ്ദേഹം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.
അതേസമയം നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണം ബീഹാറിന് പുറത്തേക്കും നീളുകയാണ്. യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് അയച്ചു. പരീക്ഷ കേന്ദ്രങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ക്രമക്കേടിന് എതിരെ കോണ്‍ഗ്രസ് ഡല്‍ഹിയിലും, ലക്‌നൗവിലും നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പാര്‍ലമെന്റ് വളയല്‍ സമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പാര്‍ലമെന്റിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് ഡല്‍ഹി പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളമുണ്ടായി.