യുഎസ് കോണ്‍ഗ്രസ് സംയുക്ത യോഗത്തില്‍ നെതന്യാഹു; ക്ഷണം നിരസിച്ച് ബേണി സാന്‍ഡേഴ്‌സ്

യുഎസ് കോണ്‍ഗ്രസ് സംയുക്ത യോഗത്തില്‍ നെതന്യാഹു; ക്ഷണം നിരസിച്ച് ബേണി സാന്‍ഡേഴ്‌സ്

വാഷിങ്ടണ്‍: യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ നിന്ന് പിന്മാറി യു.എസ് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ്. യോഗത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ക്ഷണമുള്ളതിനാലാണ് താന്‍ പിന്മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്നും സാന്‍ഡേഴ്‌സ് വിമര്‍ശിച്ചു.

യു.എസ് സെനറ്റിന്റെയും പ്രതിനിധി സഭയുടെയും നേതാക്കള്‍ നെതന്യാഹുവിനെ ഉഭയകക്ഷി കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് സാന്‍ഡേഴ്‌സന്റെ വിമര്‍ശനം.

‘ബെഞ്ചമിന്‍ നെതന്യാഹു യുദ്ധക്കുറ്റവാളിയാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസിന്റെ യോഗത്തെ അഭിസംബോധന ചെയ്യാന്‍ നെതന്യാഹുവിനെ ക്ഷണിക്കരുത്. തീര്‍ച്ചയായും ഈ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കില്ല,’ അദ്ദേഹം പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ പങ്കെടുക്കാന്‍ നെതന്യാഹുവിനെ ക്ഷണിച്ച നേതാക്കളെയും അദ്ദേഹം വിമര്‍ശിച്ചു.

‘ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ പങ്കെടുക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ ക്ഷണിച്ചത് നമ്മുടെ രാജ്യത്തിന് അപമാനമാണ്. വളരെ സങ്കടകരമായ ദിവസമാണ് ഇന്ന്,’ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

പലസ്തീന്‍ സംഘടന ഹമാസിനെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണെന്നും എന്നാല്‍ അതിന്റെ പേരില്‍ പലസ്തീന്‍ ജനതക്കെതിരെ യുദ്ധം ചെയ്യാനും അവരെ കൊന്നൊടുക്കാനും ഇസ്രായേലിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘34,000ത്തില്‍ അധികം പലസ്തീനികളെ കൊല്ലാനും ഗസയിലെ 80,000ത്തില്‍ അധികം ജനസംഖ്യക്ക് പരുക്കേല്‍പ്പിക്കാനും ഇസ്രായേലിന് അവകാശമില്ല. 75 ശതമാനം ജനങ്ങളെയും അവരുടെ വീട്ടില്‍ നിന്നും ഇസ്രായേല്‍ കുടിയൊഴിപ്പിച്ചു. ഇതിനൊന്നും അവര്‍ക്ക് അവകാശമില്ല ‘ സാന്‍ഡേഴ്‌സ് വിമര്‍ശിച്ചു.

എന്നാല്‍ നെതന്യാഹുവിനെ ക്ഷണിച്ചുള്ള കത്തില്‍ റിപ്പബ്ലിക്കന്‍ ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സന്‍, ഡെമോക്രാറ്റിക് സെനറ്റ് നേതാവ് ചക്ക് ഷൂമാന്‍, സെനറ്റ് റിപ്പബ്ലിക്കന്‍ നേതാവ് മാച്ച് മക്കോനാല്‍ തുടങ്ങിയവര്‍ ഒപ്പുവെച്ചു.

Top