യുദ്ധം യഥാർത്ഥത്തിൽ ഇസ്രയേലിന് പുറത്ത് മാത്രമല്ല, ആ രാജ്യത്തിനകത്ത് കൂടിയാണ് നടക്കുന്നത്. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇസ്രയേൽ ഒറ്റപ്പെട്ടത് പോലെ ഇപ്പോൾ സ്വന്തം രാജ്യത്ത് തന്നെ ഒറ്റപ്പെട്ട് നിൽക്കുകയാണ് ബെഞ്ചമിൻ നെതന്യാഹു. എന്തിനേറെ സ്വന്തം രാജ്യത്തെ ഒരു പുൽക്കൊടിയെ പോലും നെതന്യാഹുവിന് ഇപ്പോൾ കണ്ണടച്ച് വിശ്വസിക്കാനാവില്ല എന്ന് ചുരുക്കം. സ്വന്തം അനുയായികളിൽ നിന്നും, രാജ്യത്തെ പ്രതിരോധ മന്ത്രിയിൽ നിന്ന് പോലും കനത്ത തിരിച്ചടിയാണ് ഇസ്രയേൽ പ്രധാനമന്ത്രി നേരിട്ടിരിക്കുന്നത്.
ഇസ്രയേലിനെ കുറിച്ചുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ ചോർത്തിയവരിൽ നെതന്യാഹുവിന്റെ അടുത്ത അനുയായികൾ പോലും ഉൾപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ, സകല അഭ്യുഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് സ്വന്തം രാജ്യത്തിൻറെ പ്രതിരോധ മന്ത്രിയെ തന്നെ പുറത്താക്കേണ്ടി വന്നിരിക്കുകയാണ് നെതന്യാഹുവിന്, അതും രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾക്കിടയിലെന്നത് എന്തൊരു ഗതികേടാണ്.
Also Read: അമേരിക്കയെ വിറപ്പിച്ച് ബോംബ് ഭീഷണി; പിന്നില്‍ റഷ്യയെന്ന് ആരോപണം
ഇസ്രയേൽ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് യൊവ് ഗാലന്റിനെ നീക്കം ചെയ്തുകൊണ്ട്, തന്റെ വിശ്വാസ്യതക്ക് കോട്ടം തട്ടിയെന്നാണ് നെതന്യാഹു സമ്മതിക്കുന്നത്. നിലവിലെ വിദേശകാര്യ മന്ത്രിയായ കാറ്റ്സ് ആണ് പുതിയ പ്രതിരോധ മന്ത്രി. കാറ്റ്സിന് പകരം ഗിദിയോൻ സാർ പുതിയ വിദേശകാര്യ മന്ത്രിയാകും. എന്നാൽ നെതന്യാഹുവിന്റെ ഈ തീരുമാനത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ രൂപപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
യൊവ് ഗാലന്റിന് നിരവധി വീഴ്ചകൾ സംഭവിച്ചെന്നും, ഗാസയിലെയും ലബനനിലും യുദ്ധങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് താനും ഗാലന്‍റും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ടെന്നും നെതന്യാഹു തുറന്നു പറയുമ്പോൾ തന്നെ നെതന്യാഹുവിന്റെ ദുർവാശി എത്രകണ്ട് സ്വന്തം രാജ്യത്തെ പോലും പ്രതിരോധത്തിലാക്കിയിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളു. എന്നാൽ ഇസ്രയേലിന്‍റെ സുരക്ഷയ്ക്കായി താൻ നിലകൊള്ളുമെന്നും അതാണ് തന്‍റെ ജീവിത ദൗത്യമെന്നും യൊവ് ഗാലന്‍റ് എക്സിലൂടെ പ്രതികരിച്ചു.
Also Read: യുഎന്നിനോടും ധിക്കാരം, പിടിവിട്ട് ഇസ്രയേലിന്റെ പോക്ക്
ഏറെ നാളുകളായി നെതന്യാഹുവും യൊവ് ഗാലന്റും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു, ഗാസയ്ക്ക് പിന്നാലെ ലബനാനിലും കൂട്ടക്കുരുതി ശക്തമായി തുടരുന്നതിനിടെ നെതന്യാഹുവിന് മുന്നറിയിപ്പുമായി യൊവ് ഗാലന്‍റ് അയച്ച കത്ത് പുറത്ത് വന്നിരുന്നു, ഇസ്രയേലിന്‍റെ യുദ്ധ തന്ത്രങ്ങൾക്ക് വ്യക്തമായ ദിശയില്ലെന്നും ലക്ഷ്യങ്ങൾ പുതുക്കി നിശ്ചയിക്കണമെന്നുമായിരുന്നു രഹസ്യ കത്തിൽ പ്രതിപാദിച്ചിരുന്നത്, എന്നാൽ കത്ത് ചോർന്നത് നെതന്യാഹുവിന് വലിയ മാനക്കേടുണ്ടാക്കി. ‘ചാനൽ 13’ പുറത്തുവിട്ട കത്തിലെ വിവരങ്ങൾക്ക് വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.
ഇറാനിൽ വ്യോമാക്രമണം നടത്തുന്നതിനു മണിക്കൂറുകൾക്ക് മുമ്പാണ് നെതന്യാഹുവിനും സുരക്ഷ മന്ത്രിസഭക്കും ഗാലന്‍റ് രസഹ്യ കത്ത് അയച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വലിയ ആശങ്കകളും കത്തിൽ പങ്കുവെച്ചിരുന്നു. ”ഇസ്രയേലിനുള്ള ഭീഷണികൾ വർധിക്കുകയാണ്. യുദ്ധ ലക്ഷ്യങ്ങൾക്ക് വേഗമില്ല. ഇത് മന്ത്രിസഭാ തീരുമാനങ്ങൾ പാളുന്നതിനു കാരണമാകുമെന്നും ഗാലന്റ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. യുദ്ധത്തിൽ വ്യക്തമായ തീരുമാനങ്ങളും പുതുക്കിയ ലക്ഷ്യങ്ങളും നിർണയിക്കാതെ മുന്നോട്ടു പോകുന്നത് സൈനിക നടപടിയെയും മന്ത്രിസഭാ തീരുമാനങ്ങളെയും ബാധിക്കുന്നുണ്ട്.
Also Read: അമേരിക്കയെ പോലും വിറപ്പിച്ച് പശ്ചിമേഷ്യയിലെ വന്‍ ശക്തിയായി ഇറാന്‍ മാറുമ്പോള്‍
പ്രത്യേകിച്ചും ഇറാനുമായി മൂർച്ഛിക്കുന്ന സംഘർഷാവസ്ഥ ബഹുതലങ്ങളിൽ നിന്നുള്ള യുദ്ധലക്ഷ്യങ്ങളുടെ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും ഗാലന്റ് സൂചിപ്പിച്ചിരുന്നു. ഗാസയിൽ ഭീഷണികളില്ലാത്ത സാഹചര്യം സൃഷ്ടിക്കുകയും ഭീകരവാദികളുടെ വളർച്ച നിർത്തലാക്കുകയും വേണമെന്ന് കത്തിലുണ്ട്. എല്ലാ ബന്ദികളുടെയും മടക്കം സുരക്ഷിതമാക്കണം. ഹമാസിനു ബദലായി ഒരു സിവിലിയൻ സർക്കാർ മാതൃക വളർത്തിക്കൊണ്ടു വരണമെന്നും ഗാലന്‍റ് നിർദേശിച്ചിരുന്നു.
ലബനാൻ അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കി ജനത്തെ താമസസ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരണം. ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാക്കാതിരിക്കാൻ ശക്തമായ പ്രതിരോധം തുടരണം. വെസ്റ്റ് ബാങ്കിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലൂടെ അക്രമ സാധ്യതകൾ അടിച്ചമർത്തണമെന്നും ഗാലന്റ് കത്തിൽ വ്യക്തമാക്കി. എന്നാൽ സത്യത്തിൽ ഈ യാഥാർഥ്യങ്ങളെല്ലാം നെതന്യാഹുവിനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ഓരോ യുദ്ധമുന്നണിയിലും വ്യത്യസ്ത യുദ്ധ തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടതെന്ന ഗാലന്‍റ് നൽകിയ ഉപദേശം, നെതന്യാഹു ചെവികൊണ്ടില്ല, പകരം സത്യത്തെ ഒരു കൂട്ടം നുണകൾ കൊണ്ട് മറച്ചുവെയ്ക്കാൻ തന്നെയാണ് നെതന്യാഹു തീരുമാനിച്ചത്.
Also Read: അഞ്ച് ലക്ഷം യുക്രെയ്ന്‍ സൈനികർ കൊല്ലപ്പെട്ടു, വിവരം പുറത്ത് വിട്ടത് റഷ്യൻ പ്രതിരോധ മന്ത്രാലയം!
തന്റെ ലക്ഷ്യങ്ങൾക്ക് തടസം നിൽക്കുന്നവരെ വെട്ടിവീഴ്ത്തുക, അത് ശത്രുപക്ഷത്തായാലും സ്വന്തം ചേരിയിലുള്ളവരായാലും അത് ഏതുവിധേനയെയും നെതന്യാഹു നടത്തിയെടുത്തിരിക്കും. അതിനുദാഹരണം തന്നെയാണല്ലോ, ഗാലാന്റിനു നിരവധി വീഴ്ച്ചകള്‍ സംഭവിച്ചെന്നും പറഞ്ഞ് നെതന്യാഹു അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയത്. ഇത് ആദ്യമായല്ല ഗാലന്‍റിനെ നെതന്യാഹു പുറത്താക്കുന്നത്. 2023 മാർച്ചിൽ ഗാലന്‍റിനെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ജനകീയ പ്രതിഷേധം കനത്തതോടെ തീരുമാനം മാറ്റുകയും രണ്ടാഴ്ചക്ക് ശേഷം ഗാലന്‍റിനെ തിരിച്ചെടുക്കുകയുമായിരുന്നു.
സ്വന്തം രാജ്യത്തെ ജനങ്ങൾ തന്നെ ഭരണകൂടത്തിനെതിരെ നിലകൊള്ളുന്ന ദാരുണമായ കാഴ്ച്ചയാണ് ഇസ്രയേൽ എന്ന രാജ്യത്ത് നടക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ടെല്‍ അവീവില്‍ ആയിരക്കണക്കിന് ആളുകള്‍ നെതന്യാഹുവിന്റെ തീരുമാനത്തിനെതിരെ ശബ്ദമുയർത്തുകയുണ്ടായി. പ്രതിഷേധക്കാര്‍ നഗരത്തിന്റെ പ്രധാന ഹൈവേകള്‍ തടയുകയും ജെറുസലേമിലെ നെതന്യാഹുവിന്റെ വസതിക്ക് മുന്നില്‍ ഒത്തുകൂടുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഹമാസിനെ തുടച്ചുനീക്കും വരെ പോരാട്ടം, എന്ന നിലപാടിനെതിരെ സ്വന്തം തട്ടകത്തിൽ പോലും നെതന്യാഹുവിന് നേരിടേണ്ടി വരുന്നത് വലിയ എതിർപ്പുകളാണ്. ഇനി അങ്ങോട്ടും അത് വർധിക്കുകയാണുണ്ടാവുക. നെതന്യാഹുവിനെപ്പോലെ എന്തിനും യുദ്ധം മാത്രമാണ് പരിഹാരമെന്ന് കരുതുന്ന മറ്റൊരു ‘നെതന്യാഹു’ തന്നെയാണ് ഇപ്പോൾ പ്രതിരോധ തലപ്പത്ത് അവരോധിച്ചിരിക്കുന്ന ഇസ്രയേൽ കാറ്റ്‌സ്.
Also Read: സൗന്ദര്യപ്രേമികള്‍ക്ക് മുന്നറിയിപ്പ്; സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളില്‍ മാരക രാസവസ്തുക്കള്‍
തീവ്രനിലപാടുകാരനായ വലതുപക്ഷക്കാരൻ. 1955ൽ തീരദേശ നഗരമായ അഷ്‌കലോണിലാണ് കാറ്റ്‌സ് ജനിച്ചത്. 1973-77 കാലത്ത് സൈന്യത്തിൽ പാരാ ട്രൂപ്പറായി പ്രവർത്തിച്ചു. സൈന്യത്തിലെ ഉന്നത സ്ഥാനങ്ങളിൽ അദ്ദേഹത്തിന് പ്രവർത്തനപരിചയമില്ല. മുൻ പ്രതിരോധമന്ത്രി ഗാലന്റ് അതിന് മുമ്പ് സൈന്യത്തിൽ ജനറൽ ആയിരുന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഇസ്രായേലിൽ പ്രവേശിക്കുന്നത് വിലക്കിയത് കാറ്റ്‌സ് വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ്.
ഇറാൻ ഇസ്രായേലിൽ നടത്തിയ മിസൈൽ ആക്രമണത്തെ അപലപിക്കുന്നതിൽ ഗുട്ടറസ് ഇരട്ടത്താപ്പ് കാണിച്ചുവെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ വിലക്കിയത്. നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടി നേതാവായ കാറ്റ്‌സ് 1998 മുതൽ ഇസ്രായേൽ പാർലമെന്റ് അംഗമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കൃഷി, ഗതാഗതം, ഇന്റലിജൻസ്, ധനകാര്യം, ഊർജം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയായിട്ടുണ്ട്. 2019ലാണ് അദ്ദേഹം വിദേശകാര്യ മന്ത്രിയായി അധികാരമേറ്റത്.