ജറുസലേം: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പ്രസംഗത്തിനിടെ വൻ പ്രതിഷേധവുമായി ഇസ്രയേൽ പൗരന്മാർ. ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് പരസ്യ പ്രതിഷേധം നടത്തിയത്. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന്‍റെ വാർഷിക അനുസ്മരണ ചടങ്ങിനിടെയായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തെ തുടർന്ന് നെതന്യാഹുവിന്‍റെ പ്രസംഗം ഒരു മിനിറ്റിലേറെ തടസപ്പെട്ടു.
പ്രതിഷേധത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘എന്‍റെ പിതാവ് കൊല്ലപ്പെട്ടു, നിങ്ങളോട് ലജ്ജ തോന്നുന്നു’ എന്ന് നെതന്യാഹുവിന്‍റെ പ്രസംഗത്തിനിടെ യുവാവ് ആവർത്തിച്ച് വിളിച്ചു പറഞ്ഞു. ചടങ്ങിൽ സംസാരിക്കാൻ എഴുന്നേറ്റതോടെയാണ് ‘ഷെയിം ഓൺ യു’ മുദ്രാവാക്യം വിളിയുമായി പ്രതിഷേധക്കാർ ബഹളം വെച്ചത്.
Also Read: ഗാസയിൽ 2 ദിവസത്തെ വെടിനിർത്തൽ നിർദേശിച്ച് ഈജിപ്ത്
തത്സമയ സംപ്രേഷണമുള്ളതിനാൽ പ്രസംഗം അതിവേഗം നിർത്തി നെതന്യാഹു മടങ്ങി. സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ച നെതന്യാഹു കുറ്റവാളിയാണെന്ന് കുറ്റപ്പെടുത്തിയ ഇസ്രയേൽ പൗരന്മാർ, ഹമാസ് ബന്ദിക്കളാക്കിയവരെ ഇതുവരെ മോചിപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.
ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണം തടയുന്നതിലും പിറകെ ഒരു വർഷം കഴിഞ്ഞും ബന്ദികളെ തിരിച്ചെത്തിക്കുന്നതിലും നെതന്യാഹു വൻ പരാജയമാണെന്ന് ഇസ്രയേലിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നു. അതേസമയം, ഗാസയിലെ സാധാരണക്കാരെയും അഭയാർഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് ഇസ്രയേൽ സേന ഒരു വർഷത്തിലേറെയായി തുടരുന്ന കൂട്ടക്കുരുതി ശമനമില്ലാതെ തുടരുകയാണ്. ഇതുവരെ ഇസ്രയേൽ അധിനിവേശത്തിൽ 42,847 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 1,00,544 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.