ശിവകാര്‍ത്തികേയനെ നായകനാക്കി രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമരന്‍. മുകുന്ദ് വരദരാജായി ശിവകാര്‍ത്തികേയന്‍ എത്തുമ്പോള്‍ ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസ് ആയി എത്തുന്നത് സായി പല്ലവിയാണ്. ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 31 ന് എത്തിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേര്‍ന്നാണ്. ബോക്‌സ് ഓഫീസില്‍ വന്‍ പ്രതികരണം ഇതിനോടകം നേടിയിട്ടുള്ള ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച് ഇപ്പോള്‍ ചില പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
റിലീസ് ദിനത്തില്‍ തന്നെ വലിയ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ആദ്യ 10 ദിനങ്ങള്‍ കൊണ്ട് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. രണ്ടാം വാരാന്ത്യത്തിലും തിയറ്ററുകളിലുണ്ടായ തള്ളിക്കയറ്റം പരിഗണിച്ച് ചിത്രത്തിന്റെ ഒടിടി റിലീസ് നീട്ടുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് സാധാരണയായി ഒരു മാസത്തില്‍ താഴെയുള്ള ഒടിടി വിന്‍ഡോയാണ് ലഭിക്കാറ്.
അമരനും അത്തരത്തില്‍ത്തന്നെ എത്തേണ്ടിയിരുന്നതാണ്. നെറ്റ്ഫ്‌ലിക്‌സ് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നത്. രണ്ടാം വാരത്തിലും ചിത്രത്തിന് ലഭിക്കുന്ന വന്‍ ജനപ്രീതിയും കളക്ഷനും പരിഗണിച്ച് നിര്‍മ്മാതാക്കള്‍ ഒടിടി പ്ലാറ്റ്‌ഫോമുമായി നടത്തിയ ചര്‍ച്ചകളിലാണ് ഒടിടി വിന്‍ഡോ നീട്ടാന്‍ തീരുമാനമായതെന്ന് അറിയുന്നു. എന്നാല്‍ ഒടിടി റിലീസ് എത്ര വൈകും എന്നത് സംബന്ധിച്ച് കൃത്യത വന്നിട്ടില്ല. ഒരാഴ്ച മുതല്‍ രണ്ട് ആഴ്ച വരെ വൈകിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ യാഥാര്‍ഥ്യമാവുന്നപക്ഷം തമിഴ് സിനിമയില്‍ ഇത് ആദ്യമായി ആവും.