ജോഹാൻ ക്രൈഫിനൊപ്പം 1970കളിലെ നെതർലാൻഡ്‌സിൻ്റെ “ക്ലോക്ക് വർക്ക് ഓറഞ്ച്” ടീമുകളുടെ മധ്യനിര താരങ്ങളിലൊരാളായ ജോഹാൻ നീസ്‌കെൻസ് അന്തരിച്ചു. 73 വയസ്സായിരുന്നു. യോഹാന്‍ ക്രൈഫിന്റെ നേതൃത്വത്തില്‍ 1974, 78 ലോകകപ്പ് ഫൈനലുകള്‍ തുടരെ കളിച്ച ഡച്ച് ടീമില്‍ അംഗമായിരുന്നു നീസ്‌കെന്‍സ്. ഡച്ച് സോക്കർ അസോസിയേഷൻ കെഎൻവിബിയാണ് മരണം സ്ഥിരീകരിച്ചത്.
ക്രൈഫിന്റെ ടോട്ടല്‍ ഫുട്‌ബോള്‍ കളിച്ച ടീമില്‍ മധ്യനിരയുടെ പ്രധാന ശക്തി കേന്ദ്രമായിരുന്നു നീസ്‌കെന്‍സ്. ഒരര്‍ഥത്തില്‍ ക്രൈഫിന്റെ ടോട്ടല്‍ ഫുട്‌ബോള്‍ ദാര്‍ശനികതയെ കാവ്യാത്മകമായി കളിച്ചു വ്യാഖ്യാനിച്ച താരമാണ് നീസ്‌കെന്‍സ്. നെതർലൻഡിനായി 49 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച നീസ്കൻസ് 12 ലോകകപ്പ് മത്സരങ്ങൾ ഉൾപ്പെടെ 17 ഗോളുകൾ നേടി.
നിലവിലെ നെതർലാൻഡ്സ് കോച്ച് റൊണാൾഡ് കോമാൻ നീസ്കെൻസിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഡച്ച് ഫുട്‌ബോള്‍ സംഭാവന ചെയ്ത ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് നീസ്‌കെന്‍സ് എന്ന് നെതര്‍ലന്‍ഡ്‌സ് ഫുട്‌ബോള്‍ അനുസ്മരിച്ചു.