29 നഗരങ്ങളില്‍ പുതിയ എയര്‍പോര്‍ട്ടുകള്‍

ചെറു നഗരങ്ങളെ അന്താരാഷ്ട്ര വ്യോമപാതയുമായി ബന്ധിപ്പിക്കുകയാണ് എയര്‍പോര്‍ട്ടുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

29 നഗരങ്ങളില്‍ പുതിയ എയര്‍പോര്‍ട്ടുകള്‍
29 നഗരങ്ങളില്‍ പുതിയ എയര്‍പോര്‍ട്ടുകള്‍

രാജ്യത്തെ വ്യോമയാനരംഗത്തെ കുതിപ്പ് ലക്ഷ്യമിട്ട് 29 നഗരങ്ങളില്‍ പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാനൊരുങ്ങി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. ഇതില്‍ പത്ത് വിമാനത്താവളങ്ങളുടെ പഠനം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചെറു നഗരങ്ങളെ അന്താരാഷ്ട്ര വ്യോമപാതയുമായി ബന്ധിപ്പിക്കുകയാണ് എയര്‍പോര്‍ട്ടുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

ദേശീയ മാധ്യമമായ മിന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ എയര്‍പോര്‍ട്ടുകള്‍ നിര്‍മിക്കുക. ഒമ്പത് പുതിയ എയര്‍പോര്‍ട്ടുകളാവും ഗുജറാത്തില്‍ പണിയുക. അത് കഴിഞ്ഞാല്‍ കര്‍ണാടക, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാവും കൂടുതല്‍ എയര്‍പോര്‍ട്ടുകള്‍ ലഭിക്കുക. 13 സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ ഓരോ എയര്‍പോര്‍ട്ട് വീതവും ഉണ്ടാകും.

അഞ്ച് വര്‍ഷത്തെ പദ്ധതിയിലാണ് നഗരങ്ങളില്‍ വിമാനത്താവളങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുക. വന്‍ നഗരങ്ങളില്‍ പരമാവധി ശേഷിയെത്തിയ വിമാനത്താവളങ്ങളുടെ വികസനവും കേന്ദ്രസര്‍ക്കാറിന്റെ അജണ്ടയിലുണ്ട്. ഇതിനൊപ്പം നിലവിലുള്ള എയര്‍പോര്‍ട്ടുകളില്‍ ഭൂരിപക്ഷവും ബോയിങ്ങിന്റേയും എയര്‍ബസിന്റേയും വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയുന്ന രീതിയിലേക്ക് വികസിപ്പിക്കും.അതേസമയം, പദ്ധതി തുടക്കത്തിലാണ് ഇപ്പോഴുള്ളതെന്നും ഓരോ വിമാനത്താവളത്തിനും വേണ്ടി വിശദമായ പഠനം നടത്തിയതിന് ശേഷമാവും അന്തിമാനുമതി നല്‍കുകയെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Top