യൂറോപ്പിൽ കോവിഡിന്റെ പുതിയ വകഭേദം അതിവേഗം പടരുന്നതായി റിപ്പോർട്ട്. എക്‌സ്ഇസി (XEC) എന്ന് വിളിക്കുന്ന കോവിഡ് വകഭേദം ജൂണില്‍ ജര്‍മനിയിലാണ് ആദ്യം കണ്ടെത്തിയത്. നിലവില്‍ യുകെ, ഡെന്മാര്‍ക്ക് പോലുള്ള യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ അമേരിക്കയിലും രോഗവ്യാപനം കണ്ടെത്തിയിട്ടുണ്ട്. വൈകാതെ തന്നെ രോഗവ്യാപനത്തിന് കാരണമാകുന്ന പ്രബല വകഭേദമായി ഇത് മാറിയേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
യൂറോപ്പിൽ പ്രബലമായ KS.1.1, KP.3.3 എന്നീ മുൻകാല ഒമൈക്രോൺ സബ് വേരിയൻ്റുകളുടെ ഒരു ഹൈബ്രിഡാണ് XEC വേരിയൻ്റ്. ഇതുവരെ, പോളണ്ട്, നോർവേ, ലക്സംബർഗ്, ഉക്രെയ്ൻ, പോർച്ചുഗൽ, ചൈന എന്നിവയുൾപ്പെടെ 27 രാജ്യങ്ങളിൽ നിന്നുള്ള 500 സാമ്പിളുകളിൽ എക്സ്ഇസി കണ്ടെത്തിയതായി ദി ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്തു.
Also Read: പേജര്‍ സ്‌ഫോടനം; പരിക്കേറ്റ 200ലധികം പേരുടെ നില ഗുരുതരം
ഒമൈക്രോണ്‍ വേരിയന്റിന്റെ ഉപവിഭാഗമായ പുതിയ വകഭേദം ഈ ശരത്കാലത്തില്‍ കൂടുതല്‍ പടരാനാണ് സാധ്യതയുണ്ട്. ഇതിന് സഹായകമായ ചില പുതിയ മ്യൂട്ടേഷനുകള്‍ വകഭേദത്തിന് സംഭവിച്ചിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വാക്‌സിനുകള്‍ കേസുകള്‍ ഗുരുതരമാകുന്നത് തടയാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ലക്ഷണങ്ങൾ
പനി, തൊണ്ടവേദന, ചുമ, ഗന്ധമില്ലായ്മ, വിശപ്പില്ലായ്മ, ശരീരവേദന എന്നിവ ഉള്‍പ്പെടെയുള്ള മുന്‍ കോവിഡ് വേരിയന്റുകളുടേതിന് സമാനമാണ് ലക്ഷണങ്ങളാണ് എക്‌സ്ഇസി വേരിയന്റിനുമുള്ളത്. ഒമൈക്രോണ്‍ വംശത്തിലെ ഒരു ഉപവകഭേദമായത് കൊണ്ട് വാക്‌സിനുകളും ബൂസ്റ്റര്‍ ഷോട്ടുകളും ഗുരുതരമായ രോഗങ്ങളില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതില്‍ നിന്നും മതിയായ സംരക്ഷണം നല്‍കുമെന്നും വിദഗ്ധര്‍ പറയുന്നു.
മറ്റ് സമീപകാല കോവിഡ് വേരിയന്റുകളെ അപേക്ഷിച്ച് എക്‌സ്ഇസിക്ക് കൂടുതല്‍ വ്യാപിക്കാനുള്ള ശേഷിയുണ്ട്. വാക്‌സിനുകളിലാണ് പ്രതീക്ഷ. ഇവയ്ക്ക് നല്ല സംരക്ഷണം നല്‍കാന്‍ സാധിച്ചാല്‍ ആശങ്കപ്പെടാനില്ല. എന്നാല്‍ ശൈത്യകാലത്ത് എക്‌സ്ഇസി ശക്തമായ സബ് വേരിയന്റായി മാറിയേക്കാമെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ജനറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ പ്രൊഫസര്‍ ഫ്രാങ്കോയിസ് ബലൂക്‌സ് പറഞ്ഞു.