ഡല്‍ഹി: ഇന്ത്യന്‍ പീനല്‍കോഡിന് പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത നാളെ മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും. ഐപിസിക്ക് പകരം ഭാരതീയ ന്യായസംഹിത, സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയവുമാണ് നിലവില്‍വരുന്നത്.
ബ്രിട്ടീഷ് കാലത്തെ നിയമങ്ങള്‍ ശിക്ഷ നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കിയിരുന്നത്, എന്നാല്‍ പുതിയ നിയമസംഹിത നീതി ലഭ്യമാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഈ നിയമങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റിലെ ഇന്ത്യക്കാര്‍ ഉണ്ടാക്കിയതാണെന്നും കൊളോണിയല്‍ നിയമങ്ങള്‍ക്ക് അന്ത്യം കുറിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
2023 ആഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. ഡിസംബര്‍ 13ന് പുതുക്കി അവതരിപ്പിച്ച നിയമസംഹിതക്ക് ഡിസംബര്‍ 25ന് രാഷ്ട്രപതി അംഗീകാരം നല്‍കി.പുതിയ നിയമമനുസരിച്ച് ക്രിമിനല്‍ കേസുകളില്‍ വിചാരണ പൂര്‍ത്തിയായി 45 ദിവസത്തിനുള്ളില്‍ വിധി പറയുകയും ആദ്യ വാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തുകയും വേണം.
ബലാത്സംഗത്തിന് ഇരയായവരുടെ മൊഴി ഒരു വനിതാ പൊലീസ് ഓഫീസര്‍ അവരുടെ രക്ഷിതാവിന്റെയോ ബന്ധുവിന്റെയോ സാന്നിധ്യത്തില്‍ രേഖപ്പെടുത്തുകയും ഏഴ് ദിവസത്തിനകം മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ പുതിയ അധ്യായം കൂട്ടിച്ചേര്‍ത്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്താല്‍ വധശിക്ഷയോ ജീവപര്യന്തം തടവോ ആണ് പുതിയ നിയമത്തില്‍ പറയുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍, കൊലപാതകം, ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവക്കാണ് പുതിയ നിയമത്തില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.33 കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷയും 83 കുറ്റങ്ങള്‍ക്ക് പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. 20 പുതിയ കുറ്റകൃത്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 23 കുറ്റങ്ങള്‍ക്ക് നിര്‍ബന്ധിത മിനിമം ശിക്ഷ ഉറപ്പാക്കി. ആറു കുറ്റങ്ങള്‍ക്ക് സാമൂഹ്യസേവനം ശിക്ഷയായി ചേര്‍ത്തു.