ഡൽഹി: തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ രൂപവത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ജൂൺ നാലോടെ അവസാനിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മറുപടിയുമായാണ് മോദി രംഗത്തെത്തിയത്. നിലവിലെ സർക്കാരിന്റെ കാലാവധി തീർച്ചയായും അവസാനിക്കുമെന്ന് അദ്ദേഹം അംഗീകരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം താനും ബി.ജെ.പിയും ചേർന്ന് പുതിയ സർക്കാർ രൂപവത്കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സർക്കാരിന്റെ കാലഹരണ തീയതിയെക്കുറിച്ചുള്ള മമതയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് താൻ കാശിയിൽ നിന്നാണ് വരുന്നത്. കാശി നശിപ്പിക്കാനാകാത്തതാണെന്നും മോദി പറഞ്ഞു. പ്രതിപക്ഷത്തെ ശത്രുക്കളായി കാണുന്നില്ല. അവരുമായി ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. താൻ ആരെയും വിലകുറച്ച് കാണുന്നില്ല. 60-70 വർഷത്തോളം അവർ സർക്കാർ രൂപവത്കരിച്ചു. പ്രതിപക്ഷം ചെയ്ത നല്ല കാര്യങ്ങൾ തനിക്ക് പഠിക്കണമെന്നും മോദി കൂട്ടിച്ചേർത്തു.