സൗദിയില്‍ പുതിയ നിക്ഷേപ സംവിധാനം 2025 മുതല്‍

സൗദിയില്‍ പുതിയ നിക്ഷേപ സംവിധാനം 2025 മുതല്‍
സൗദിയില്‍ പുതിയ നിക്ഷേപ സംവിധാനം 2025 മുതല്‍

റിയാദ്: വിദേശികള്‍ക്ക് സൗദിയില്‍ ഏത് രംഗത്തും പണം മുടക്കി ബിസിനസ് തുടങ്ങാന്‍ അനുവദിക്കുന്നതടക്കം തദ്ദേശീയ സംരംഭകര്‍ക്ക് തുല്യമായ പരിഗണന നല്‍കുന്ന പുതിയ നിക്ഷേപ സംവിധാനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി നിക്ഷേപ മന്ത്രാലയം.മന്ത്രിസഭാ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണിത്. വിദേശ നിക്ഷേപകര്‍ക്ക് സ്വദേശി നിക്ഷേപകര്‍ക്ക് തുല്യമായ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് പുതിയ നിക്ഷേപ സംവിധാനം. രാജ്യത്ത് ലഭ്യമായ എല്ലാ മേഖലകളിലും നിക്ഷേപം നടത്താനുള്ള സ്വാതന്ത്ര്യമടക്കം എട്ട് അടിസ്ഥാന അവകാശങ്ങള്‍ വിദേശി സംരംഭര്‍ക്കുണ്ടാവും.

അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് നിക്ഷേപം കൈകാര്യം ചെയ്യുന്നതിനും നിയമപരമായി വിനിയോഗിക്കുന്നതിനുമുള്ള സ്വാതന്ത്ര്യമാണ്. ബിസിനസ് നടത്തുന്നതിന് ആവശ്യമായ പണം രാജ്യത്തിനകത്തും പുറത്തും കൈമാറാനുള്ള സ്വാതന്ത്ര്യവും നിക്ഷേപകനുണ്ടാവും. ഏതെങ്കിലും നിക്ഷേപം നടത്തുന്നതിന് മുമ്പ് ദേശീയ രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യാനും രാജ്യത്തെ എല്ലാ നിയന്ത്രണങ്ങളും നിയമനിര്‍മാണങ്ങളും അനുസരിക്കുന്നതിനുള്ള ബാധ്യതയോടെയാണിതെന്നും മന്ത്രാലയം വിശദീകരിച്ചു.

പുതിയ നിക്ഷേപ സംവിധാനവും എക്‌സിക്യൂട്ടിവ് ചട്ടങ്ങളും 2025ന്റെ തുടക്കത്തില്‍ പ്രാബല്യത്തില്‍ വരും. ദേശീയ നിക്ഷേപ തന്ത്രത്തിന്റെ സ്തംഭങ്ങളില്‍ ഒന്നാണിത്. കൂടാതെ സമഗ്രമായ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥയുടെ വിഭവങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിനും ഇത് സംഭാവന ചെയ്യും.

ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുകയും നിക്ഷേപ മേഖലകളുടെ വികസനത്തെ പിന്തുണക്കുകയും ആഭ്യന്തര ഉല്‍പന്നത്തില്‍ സ്വകാര്യ മേഖലയുടെ സംഭാവന ഉയര്‍ത്തുകയും ചെയ്യും. നിക്ഷേപകരുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സാമ്പത്തിക വൈവിധ്യവല്‍ക്കരണം കൈവരിക്കാനും പുതിയ നിക്ഷേപ നയം സഹായിക്കും.

സൗദിയിലെ നിക്ഷേപത്തിന്റെ നല്ല ഭാവിക്ക് ഈ സംവിധാനം ഗുണം ചെയ്യും. ‘വിഷന്‍ 2030’ന്റെ വെളിച്ചത്തില്‍ അവകാശങ്ങള്‍ അനുവദിക്കല്‍, ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കല്‍, നിയന്ത്രണ അന്തരീക്ഷം സുഗമമാക്കല്‍ എന്നിവയിലൂടെ ആഗോള നിക്ഷേപം ആകര്‍ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.രാജ്യം സ്വീകരിച്ച നിരവധി വികസന നടപടികളുടെ വിപുലീകരണമാണ് പുതിയ നിക്ഷേപ സംവിധാനമെന്ന് നിക്ഷേപ മന്ത്രി എന്‍.ജി. ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. പ്രാദേശിക, വിദേശ നിക്ഷേപകര്‍ക്ക് ഒരുപോലുള്ള ആകര്‍ഷകവും സുരക്ഷിതവും പിന്തുണയുള്ളതുമായ അന്തരീക്ഷം ഒരുക്കുന്നു.

നിക്ഷേപ അന്തരീക്ഷത്തിന്റെ ആകര്‍ഷണീയതയും മത്സരക്ഷമതയും വര്‍ധിപ്പിക്കുക, പ്രത്യേകിച്ച് നിയന്ത്രണ, നിയമനിര്‍മാണ വശങ്ങളില്‍ എന്നതാണ് രാജ്യത്തിന്റെ ഉദ്ദേശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത് ഭരണത്തിന്റെ അടിസ്ഥാന നിയമം ഉറപ്പുനല്‍കുന്ന സാമ്പത്തിക തത്ത്വങ്ങളുടെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

സ്ഥിരമായ നിക്ഷേപ തത്ത്വങ്ങളും നയങ്ങളും കണക്കിലെടുത്താണിത്. ‘വിഷന്‍ 2030’ ആരംഭിച്ചത് മുതല്‍ നിക്ഷേപ അന്തരീക്ഷവുമായി ബന്ധപ്പെട്ടതും നിക്ഷേപ വ്യവസ്ഥക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്നതുമായ നിയന്ത്രണ, നിയമനിര്‍മാണ പരിഷ്‌കാരങ്ങളുടെ ഒരു പരമ്പരയുടെ ഭാഗമായി രാജ്യം നിരവധി നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു.സിവില്‍ ഇടപാട് സംവിധാനങ്ങള്‍, സ്വകാര്യവല്‍ക്കരണം, കമ്പനികള്‍, പാപ്പരത്തം, പ്രത്യേക സാമ്പത്തിക സോണുകള്‍ സൃഷ്ടിക്കുന്നതിനുള്ള മുന്‍കൈയെടുക്കല്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. നിക്ഷേപ സംവിധാനത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും ഒരു വിശിഷ്ട ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം വര്‍ധിപ്പിക്കുന്നതിനുമുള്ള സംഭാവന വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

800ലധികം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആഗോള മത്സരശേഷി വര്‍ധിപ്പിക്കുന്നതിന് ദേശീയ മത്സരക്ഷമതാ കേന്ദ്രം, ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായി സംയോജിപ്പിച്ച് ഇതെല്ലാം നടപ്പാക്കുന്നതില്‍ മികച്ച പങ്ക് വഹിച്ചതായും മന്ത്രി വിശദീകരിച്ചു.

Top