CMDRF

നിയമലംഘകർക്കു കനത്ത പ്രഹരം: യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ മുതൽ പ്രാബല്യത്തിൽ

നിയമലംഘകർക്കു കനത്ത പ്രഹരം: യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ മുതൽ പ്രാബല്യത്തിൽ
നിയമലംഘകർക്കു കനത്ത പ്രഹരം: യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ മുതൽ പ്രാബല്യത്തിൽ

അബുദാബി: തൊഴിലാളിയുടെ അവകാശങ്ങൾക്കു പൂർണ സംരക്ഷണം ഉറപ്പാക്കുന്ന ഭേദഗതി ബിൽ നാളെമുതൽ പ്രാബല്യത്തിൽ. പുതിയ തൊഴിൽ നിയമ ഭേദഗതിയിൽ നിയമലംഘകർക്കു കനത്ത പ്രഹരമാണുണ്ടാവുക. നിയമലംഘകരായ കമ്പനികൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. തൊഴിൽ തർക്കങ്ങളിൽ നിയമ നടപടി സ്വീകരിക്കാനുള്ള സമയപരിധി 2 വർഷമാക്കി വർധിപ്പിച്ചു. അര ലക്ഷം ദിർഹത്തിൽ താഴെയുള്ള കേസുകളിൽ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ അനുരഞ്ജന ശ്രമം പരാജയപ്പെട്ടാൽ 15 ദിവസത്തിനകം പ്രാഥമിക കോടതിയിൽ ഫയൽ ചെയ്യാം. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

വർക്ക് പെർമിറ്റ് ഇല്ലാതെ ജോലിയെടുപ്പിക്കുക, അനുമതിയില്ലാതെ തൊഴിലാളികളെ നിയമിക്കുക, വർക്ക് പെർമിറ്റുകൾ ദുരുപയോഗം ചെയ്യുക, തൊഴിലാളികളുടെ അവകാശങ്ങൾ തീർപ്പാക്കാതെ സ്ഥാപനം അടച്ചുപൂട്ടുക, റിക്രൂട്ട് ചെയ്ത ശേഷം ജോലി നൽകാതിരിക്കുക, പ്രായപൂർത്തിയാകാത്തവരെ ജോലിക്കു വയ്ക്കുക, ലൈസൻസിൽ പരാമർശിക്കാത്ത ജോലിയിൽ ഏർപ്പെടുക, തൊഴിൽ നിയമം ലംഘിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെയായിരിക്കും പിഴ.

തൊഴിൽ തർക്ക കേസുകളിൽ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം എടുത്ത തീർപ്പുകളിൽ വിയോജിപ്പുണ്ടെങ്കിൽ അപ്പീൽ കോടതിയെ സമീപിക്കാതെ പ്രാഥമിക കോടതിയിൽ ചോദ്യം ചെയ്യാൻ കമ്പനിക്ക് അവകാശമുണ്ടായിരിക്കുമെന്ന് ഭേദഗതിയിൽ വ്യക്തമാക്കുന്നു. ഇങ്ങനെ നൽകുന്ന കേസുകളിൽ 3 പ്രവൃത്തി ദിവസങ്ങൾക്കകം വിചാരണ നടത്താനും 30 ദിവസത്തിനകം തീർപ്പാക്കാനും നിർദേശമുണ്ട്.

പുതിയ നിയമപ്രകാരം ഒരു കമ്പനിയിലെ ജോലി അവസാനിപ്പിച്ചാലും നഷ്ടപരിഹാരം സംബന്ധിച്ച കേസുകൾ ഫയൽ ചെയ്യാൻ 2 വർഷം വരെ സാവകാശം നൽകി. നിലവിൽ ഇത് ഒരു വർഷമായിരുന്നു. ജോലി അവസാനിപ്പിച്ച തീയതി മുതലാണ് 2 വർഷം കണക്കാക്കുക. ഇതു നഷ്ടപ്പെട്ട ആനുകൂല്യം വീണ്ടെടുക്കാൻ തൊഴിലാളിക്ക് അവസരം നൽകുന്നു. വിവിധ കാരണങ്ങളാൽ വീസ റദ്ദാക്കി ഉടൻ നാട്ടിലേക്കു മടങ്ങേണ്ടി വരുന്ന തൊഴിലാളിക്കും തിരിച്ചെത്തി 2 വർഷത്തിനകം കേസ് നൽകിയാൽ മതിയെന്നതാണ് ആശ്വാസകരം.

വ്യാജ സ്വദേശിവൽക്കരണം നടത്തുന്നവർക്കും കടുത്ത ശിക്ഷയുണ്ടാകും. ഇത്തരം കേസുകൾ സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ നൽകാനാകൂവെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. കുറ്റം തെളിഞ്ഞാൽ പിഴയ്ക്കു പുറമെ സ്വദേശിയെ ജോലിക്ക് വച്ചതുമൂലം മന്ത്രാലയത്തിൽനിന്ന് ലഭിച്ച ആനുകൂല്യങ്ങൾ (ഫീസിളവ് ഉൾപ്പെടെ) തിരികെ നൽകുകയും വേണം.

Top