കൊച്ചി : നീതി ഉറപ്പാക്കലാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര നിയമ മന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ക്രിമിനല്‍ നിയമങ്ങള്‍ ശിക്ഷ നല്‍കാന്‍ മാത്രം ഉദ്ദേശമുള്ളതാണ്. നീതി നിര്‍വഹണം ലക്ഷ്യമാക്കിയാണ് പുതിയ നിയമ നിര്‍മ്മാണം. സാമൂഹിക സേവനം പോലെയുള്ള ശിക്ഷാരീതികള്‍ അത്തരം ലക്ഷ്യം ഉദ്ദേശിച്ചിട്ടുള്ളതാണെന്നും കേന്ദ്ര നിയമ മന്ത്രി പറഞ്ഞു. കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടിയാലോചനകള്‍ ഇല്ലാതെയാണ് പുതിയ നിയമനിര്‍മ്മാണം നടത്തിയത് എന്ന വാദം കളവാണ്. പുതിയ നിയമങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എംപിമാര്‍, എംഎല്‍എമാര്‍, വിവിധ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍, നിയമസര്‍വകലാശാലകള്‍, നിയമ വിദഗ്ധര്‍ എന്നിവരോട് ആരാഞ്ഞിട്ടുണ്ട്. കുറച്ചു സംസ്ഥാനങ്ങളും ജനപ്രതിനിധികളുമാണ് പ്രതികരിച്ചത്. അവയെല്ലാം പരിശോധിച്ചാണ് പുതിയ നിയമനിര്‍മ്മാണം നടത്തിയതെന്നും അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു.
നിരവധി നിയമ കമ്മീഷനുകള്‍ നേരത്തെ തന്നെ ബ്രിട്ടീഷ് നിര്‍മ്മിതമായ ക്രിമിനല്‍ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്ന പഴയ നിയമങ്ങള്‍ പൊളിച്ചെഴുതുന്നതിന് പണ്ട് താല്‍പര്യം എടുത്തിരുന്നില്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണപരിഷ്‌കരണങ്ങളാണ് ഇപ്പോള്‍ ഈ നിയമമാറ്റത്തിനുള്ള ആധാരം എന്നും അദ്ദേഹം വ്യക്തമാക്കി.