സൗദിയില്‍ വീട്ടുജോലിക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മികച്ച താമസസൗകര്യം ഉറപ്പാക്കാന്‍ പുതിയ നിയമം

സൗദിയില്‍ വീട്ടുജോലിക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മികച്ച താമസസൗകര്യം ഉറപ്പാക്കാന്‍ പുതിയ നിയമം
സൗദിയില്‍ വീട്ടുജോലിക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മികച്ച താമസസൗകര്യം ഉറപ്പാക്കാന്‍ പുതിയ നിയമം

റിയാദ്: വീട്ടുജോലിക്കാര്‍ക്കും ഹൗസ് ഡ്രൈവര്‍മാര്‍ക്കും നല്ല താമസസൗകര്യം ഉറപ്പാക്കും വിധം പുതിയ കെട്ടിടനിര്‍മാണ നിയമം നിലവില്‍ വന്നു. വീട് നിര്‍മിക്കുമ്പോള്‍ ആ വീട്ടുകാര്‍ക്ക് ജോലിക്കാരുണ്ടെങ്കില്‍ അവര്‍ക്ക് മികച്ച താമസ സൗകര്യം പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ ഉറപ്പാക്കണം എന്നതാണ് പുതിയ വ്യവസ്ഥ. വാണിജ്യ, പാര്‍പ്പിട, ഭരണകാര്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടം നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകളാണ് മുനിസിപ്പല്‍-ഗ്രാമ-ഭവനകാര്യ മന്ത്രാലയം പരിഷ്‌കരിച്ചത്. ഇതിന് മന്ത്രി മാജിദ് അല്‍ഹുഖൈല്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയതോടെ പുതിയ നിയമം പ്രാബല്യത്തിലുമായി. രാജ്യത്ത് പുതുതായി നിര്‍മിക്കുന്ന എല്ലാ കെട്ടിടങ്ങള്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമായിരിക്കും.

ഹൗസ് ഡ്രൈവറുടെയും വീട്ടുവേലക്കാരുടെയും താമസസൗകര്യം ഒരുക്കേണ്ടത് നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കണം. മുറിയുടെ വീതി 2.1 മീറ്ററിലും ആകെ വിസ്തൃതി ആറര ചതുരശ്രമീറ്ററിലും കുറയാന്‍ പാടില്ല. നാലില്‍ കൂടുതല്‍ നിലകളുള്ള കെട്ടിടങ്ങളില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കാന്‍ ഏറ്റവും താഴെ പ്രത്യേക മുറി സജ്ജീകരിക്കണമെന്നും ഈ മുറിയിലേക്ക് എല്ലാ നിലകളില്‍നിന്നും മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സംവിധാനം ഒരുക്കണമെന്നും പുതിയ വ്യവസ്ഥകള്‍ നിഷ്‌കര്‍ഷിക്കുന്നു.

റെസിഡന്‍ഷ്യല്‍ വില്ലകളുടെ താഴത്തെ നിലയിലെയും ഒന്നാം നിലയിലെയും നിര്‍മാണ അനുപാതം സ്ഥലത്തിന്റെ ആകെ വിസ്തൃതിയുടെ 70 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. കെട്ടിടങ്ങളുടെ ടെറസ്സുകളില്‍ നിര്‍മിക്കാന്‍ അനുവദിക്കുന്ന അനുബന്ധ പാര്‍പ്പിട സൗകര്യങ്ങളുടെ വിസ്തൃതി 70 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്. 400 ചതുരശ്രമീറ്ററും അതില്‍ കുറവും വിസ്തൃതിയുള്ള റെസിഡന്‍ഷ്യല്‍ വില്ലകളുടെ ഉടമസ്ഥാവകാശ പരിധിയില്‍ ഒരു കാര്‍ പാര്‍ക്കിങ്ങും 400 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തൃതിയുള്ള റെസിഡന്‍ഷ്യല്‍ വില്ലകളുടെ ഉടമസ്ഥാവകാശ പരിധിയില്‍ രണ്ടു കാര്‍ പാര്‍ക്കിങ്ങുകളും ഉണ്ടായിരിക്കണം.

വില്ലകളുടെ പരമാവധി ഉയരം 12 മീറ്ററില്‍ നിന്ന് 14 മീറ്ററായി ഉയര്‍ത്തി. വില്ലകളുടെ വശങ്ങളിലെ മതിലുകളുടെ പരമാവധി ഉയരം മൂന്നര മീറ്ററില്‍ നിന്ന് നാലര മീറ്ററായും ഉയര്‍ത്തിയിട്ടുണ്ട്. ബഹുനില കെട്ടിടങ്ങളുടെ അണ്ടര്‍ ഗ്രൗണ്ട് കാര്‍ പാര്‍ക്കിങ്ങായി ഉപയോഗിക്കാന്‍ അനുവദിക്കും. ഇത്തരം സാഹചര്യങ്ങളില്‍ കാര്‍ പാര്‍ക്കിങ്ങായി ഉപയോഗിക്കുന്ന അണ്ടര്‍ ഗ്രൗണ്ട് നിയമാനുസൃത നിലകളുടെ എണ്ണത്തില്‍ ഉള്‍പ്പെടുത്തി കണക്കാക്കില്ല.

Top