CMDRF

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കമലയും ട്രംപും സമാസമം

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോർജിയയിൽ ആദ്യദിനം 2,52,000 പേർ വോട്ട് രേഖപ്പെടുത്തി

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കമലയും ട്രംപും സമാസമം
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കമലയും ട്രംപും സമാസമം

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കമല ഹാരിസും ഡൊണാൾഡ് ട്രംപും കാഴ്ചവെക്കുന്നതെന്ന് വിവിധ സർവേകളെ മുൻനിർത്തി സി.എൻ.എന്നിന്റെ പ്രവചനം. ഏറ്റവും പുതിയ വിലയിരുത്തൽ പ്രകാരം 50 ശതമാനം വോട്ടർമാർ ദേശീയതലത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ പിന്തുണക്കുമ്പോൾ 49 ശതമാനത്തിന്റെ പിന്തുണ റിപബ്ലിക്കൻ പാർട്ടിയുടെ ഡോണാൾഡ് ട്രംപിനാണ്.

ബുധനാഴ്ച വൈകീട്ട് പുറത്ത് വന്ന ഫോക്സ് ന്യൂസിന്റെ സർവേയിൽ 50 ശതമാനം പേർ ട്രംപിനെ പിന്തുണക്കുമ്പോൾ 48 ശതമാനം ഹാരിസ് പ്രസിഡന്റാവുമെന്നാണ് പറയുന്നത്. അഞ്ച് സർവേകളിൽ രണ്ടെണ്ണം കമല ഹാരിസിന് നേരിയ മുൻതൂക്കം നൽകുന്നുണ്ട്. പക്ഷേ മൂന്നെണ്ണം ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്.

Also Read: തെക്കൻ ലെബനനിൽ വ്യോമാക്രമണം: മേയറടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻകൂർ വോട്ടെടുപ്പ് ആരംഭിച്ച ജോർജിയയിൽ ആദ്യദിനം 2,52,000 പേർ വോട്ട് രേഖപ്പെടുത്തി. 2020 ൽ ആദ്യദിവസം 1,36,000 പേരാണ് വോട്ട് ചെയ്തത്. മുൻ പ്രസിഡന്റ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ഡോണൾഡ് ട്രംപും ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ഡെമോക്രാറ്റ് കമല ഹാരിസും ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നവംബർ 5നാണ്.

അതേസമയം, ഫോക്സ് ന്യൂസിന്റെ സർവേ പ്രകാരം ഡോണാൾഡ് ട്രംപിനോടുള്ള എതിർപ്പാണ് കമല ഹാരിസിന്റെ പിന്തുണക്കുള്ള പ്രധാനകാരണം. ഇതിനൊപ്പം ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും ഗർഭഛിദ്രത്തിലും കമല ഹാരിസിന്റെ നിലപാടുകളും പിന്തുണക്കുള്ള കാരണമായി. സമ്പദ്‍വ്യവസ്ഥയും കുടിയേറ്റ നയത്തിലെ നിലപാടുകളുമാണ് ട്രംപിനെ ആളുകൾ പിന്തുണക്കാനുള്ള പ്രധാന കാരണം.

Top