മലയാളി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ വാർത്തയായിരുന്നു മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണൻ ചിത്രത്തിനായി ഒരുമിക്കുന്നത്. ചിത്രത്തിനെ കുറിച്ച് കൂടുതൽ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാകും ഇത്. ചിത്രത്തിലെ ചില ഭാഗങ്ങളിലേക്ക് മമ്മൂട്ടിയെ ഡീ ഏജിങ് ചെയ്തു അവതരിപ്പിക്കുമെന്നും ചില റിപ്പോർട്ടുകളുണ്ട്. മോഹന്‍ലാലിനെ കൂടാതെ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും.
മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ചേർന്നാണ് സിനിമ നിര്‍മിക്കുക എന്നും പറയപ്പെടുന്നു. കേരളത്തോടൊപ്പം ശ്രീലങ്കയും സിനിമയുടെ പ്രധാന ലൊക്കേഷനിൽ ഒന്നാകും എന്നാണ് റിപ്പോർട്ട്. 30 ദിവസത്തോളമായിരിക്കും ശ്രീലങ്കയിൽ ചിത്രീകരണം നടക്കുക എന്നാണ് സൂചന. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 15ന് അണിയറപ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ സംവിധായകന്‍ മഹേഷ് നാരായണനൊപ്പം നിർമ്മാതാക്കളായ ആന്‍റോ ജോസഫ്, സിവി സാരഥി, എംപി യാദമിനി ഗുണവര്‍ധന തുടങ്ങിയവരും ഭാഗമായിരുന്നു.
Also Read: കമൽഹാസൻ-മണിരത്നം ചിത്രത്തിന് പാക്കപ്പ്
ഡൽഹിയും ലണ്ടനുമാണ് സിനിമയുടെ മറ്റു ലൊക്കേഷനുകൾ. കഴിഞ്ഞ മാസം മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും ചേർന്ന് ഒരു സിനിമ ഒരുക്കുന്നതായുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. ‘മമ്മൂട്ടി കമ്പനിയ്ക്ക് കൈ കൊടുത്ത് ആശിർവാദ് സിനിമാസ്’ എന്ന ക്യാപ്ഷനോടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ചിത്രങ്ങളാണ് ചർച്ചയ്ക്ക് കാരണമായത്. പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.
നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി മമ്മൂട്ടി അഭിനയിക്കുക. ചിത്രത്തിൽ മമ്മൂട്ടി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുക എന്ന റിപ്പോർട്ടുകളുണ്ട്. ജോമോൻ ടി ജോൺ ആയിരിക്കും ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുക. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. മമ്മൂട്ടി കമ്പനി തന്നെയായിരിക്കും സിനിമയുടെ നിർമ്മാണം നിർവഹിക്കുക. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമായിരിക്കും ഇത്. ഇതിന്‍റെ പ്രഖ്യാപനം അടുത്ത ദിവസങ്ങളിലുണ്ടാകും.