വെല്ലിംഗ്ടൺ: 75 ജീവനക്കാരുമായി പോയ റോയൽ ന്യൂസിലൻഡ് നേവിയുടെ കപ്പൽ സമോവ ദ്വീപിന്റെ തീരത്ത് മുങ്ങി. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. നാവികസേനയുടെ സ്പെഷ്യലിസ്റ്റ് ഡൈവിംഗ് ആൻഡ് ഹൈഡ്രോഗ്രാഫിക് കപ്പലായ മാനവനുയിയാണ് മുങ്ങിയത്. ശനിയാഴ്ച രാത്രി ഉപോലുവിന്റെ തെക്കൻ തീരത്തിന് സമീപം റീഫ് സർവേ നടത്തുന്നതിനിടെയാണ് അപകടം.
അപകടത്തിന്റെ കാരണം വ്യക്തമല്ല. കപ്പൽ മുങ്ങിയതിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ കുറക്കുന്നതിനും അതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നതിനും അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു. ന്യൂസിലാൻഡിനു ചുറ്റുമായി സൗത്ത് വെസ്റ്റ് പസഫിക്കിലുടനീളം സ്പെഷ്യലിസ്റ്റ് ഡൈവിംഗ്, സർവേകൾ എന്നിവ നടത്താൻ ‘മാനവനുയി’ ഉപയോഗിച്ചിരുന്നു. ഇതിനകം തന്നെ ജീവനക്കാരുടെ കുറവ് കാരണം ന്യൂസിലാന്‍ഡിന്റെ ഒമ്പത് കപ്പലുകളിൽ മൂന്നെണ്ണം പ്രവർത്തനശേഷി കുറച്ചതായി പറയുന്നു.
Also Read: ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തിവെച്ച് ഫ്രാൻസ്
രക്ഷപ്പെടുത്തിയ ജീവനക്കാരെയും യാത്രക്കാരെയും ന്യൂസിലൻഡിലേക്ക് തിരികെ കൊണ്ടുവരാൻ ഞായറാഴ്ച സമോവയിലേക്ക് വിമാനം പുറപ്പെടുമെന്ന് നേവി ചീഫ് റിയർ അഡ്മിറൽ ഗാരിൻ ഗോൾഡിംഗ് ഓക്ക്‌ലൻഡിൽ പറഞ്ഞു. രക്ഷപ്പെടുത്തിയവരിൽ ചിലർക്ക് നിസാര പരിക്കുകളുണ്ട്.