ന്യൂയോര്‍ക്ക്: തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ അഫ്ഗാനിസ്ഥാന്‍ ടി 20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് സിയില്‍ വെസ്റ്റ്ഇന്‍ഡീസിന് ശേഷം അഫ്ഗാനിസ്ഥാനും സൂപ്പര്‍ എട്ടിലേക്ക് പ്രവേശിച്ചതോടെ കിവി പ്രതീക്ഷകള്‍ കൂടിയാണ് അസ്തമിച്ചത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റ വില്യംസണും ടീമിനും ഇനിയുള്ള രണ്ട് മത്സരങ്ങള്‍ വിജയിച്ചാലും സൂപ്പര്‍ എട്ടിലേക്ക് കടക്കാനാവില്ല.1987 ന് ശേഷം ഇതാദ്യമായാണ് ന്യൂസിലാന്‍ഡ് ഒരു ലോകകപ്പിലിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്താവുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ഇത്തരത്തിലുള്ള വലിയ തിരിച്ചടി നേരിടുന്നത്.
കഴിഞ്ഞ 2023 ഏകദിന കപ്പില്‍ സെമിയിലും 2019 ലോകകപ്പില്‍ ഫൈനലിലും എത്തിയ ടീമാണ് ന്യൂസിലാന്‍ഡ്. ടി 20 ലോകകപ്പ് നടന്ന 2022 സ്‌പെഷ്യല്‍ എഡിഷനില്‍ സെമിയിലെത്താനും 2021 ല്‍ ഫൈനലിലെത്താനും ന്യൂസിലാന്‍ഡിന് കഴിഞ്ഞിരുന്നു. എല്ലാ തവണയും നഷ്ട്ടമാകാറുള്ള കിരീടം ഇത്തവണയെങ്കിലും നേടിയെടുക്കാമെന്ന പ്രതീക്ഷയിലെത്തിയ ന്യൂസിലാന്‍ഡ് ആദ്യ കളിയില്‍ അഫ്ഗാനിസ്ഥാനോടും രണ്ടാം കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനോടും തോറ്റു. ഗ്രൂപ്പ് സിയില്‍ ന്യൂസിലാന്‍ഡിന് ഇനി രണ്ട് മത്സരങ്ങള്‍ കൂടിയാണ് ബാക്കിയുള്ളത്. പിഎന്‍ജിയുമായും ഉഗാണ്ടയുമായും.