CMDRF

ഫാസ്ടാഗ് പതിപ്പിക്കാതെ പോകുന്നവർക്ക് ഇരട്ടി ടോൾ ഈടാക്കാൻ എൻഎച്ച്എഐ തീരുമാനം

ഫാസ്ടാഗ് പതിപ്പിക്കാതെ പോകുന്നവർക്ക് ഇരട്ടി ടോൾ ഈടാക്കാൻ എൻഎച്ച്എഐ തീരുമാനം
ഫാസ്ടാഗ് പതിപ്പിക്കാതെ പോകുന്നവർക്ക് ഇരട്ടി ടോൾ ഈടാക്കാൻ എൻഎച്ച്എഐ തീരുമാനം

വാഹനത്തിന്റെ മുന്നിലെ ചില്ലിൽ ബോധപൂർവം ഫാസ്ടാഗ് പതിപ്പിക്കാതെ പോവുന്നവർക്ക് ഇരട്ടി ടോൾ ഈടാക്കുമെന്ന് ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). വാഹനത്തിന്റെ മുന്നിലെ ചില്ലിൽ ഫാസ്ടാഗ് പതിപ്പിക്കാതെ എത്തുന്ന വാഹനങ്ങൾ കാരണം ടോൾ പ്ലാസകളിൽ നീണ്ട വാഹന കുരുക്ക് പതിവായതോടെയാണ് ഈ നടപടി. ഫാസ്ടാഗുകൾ വാഹനങ്ങളുടെ മുന്നിലെ ചില്ലിൽ പതിപ്പിക്കാതിരിക്കുകയോ ശരിയായ രീതിയിൽ പതിപ്പിക്കാതിരിക്കുകയോ ചെയ്യുന്നതുകൊണ്ട് ദിവസും വലിയ തോതിലുള്ള ഗതാഗതകുരുക്കുകൾ ടോൾ പ്ലാസകളിൽ ഉണ്ടാവാറുണ്ട്.

ഇത് മറ്റു ഡ്രൈവർമാർക്കും വലിയ തോതിൽ അനാവശ്യ സമയനഷ്ടത്തിനിടയാക്കാറുണ്ട്. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിനായാണ് പുതിയ നടപടിയുമായി ദേശീയ പാതാ അതോറിറ്റി എത്തിയിരിക്കുന്നത്. വാഹനത്തിന്റെ മുന്നിലെ ചില്ലിൽ ഫാസ്ടാഗ് ശരിയായി പതിപ്പിച്ചില്ലാത്തതോ പതിപ്പിക്കാത്തതോ ആയ വാഹനങ്ങളിൽ നിന്നു ഇരട്ടി ടോൾ പിരിക്കാൻ ടോൾ പിരിക്കുന്ന ഏജൻസികൾക്ക് ദേശീയ പാതാ അതോറിറ്റി നിർദേശം നൽകി കഴിഞ്ഞു. എല്ലാ ടോൾ ബൂത്തുകളിലും ഇരട്ടി ടോൾ ഈടാക്കുന്നതു സംബന്ധിച്ച മുന്നറിയിപ്പു ബോർഡുകൾ വെക്കാനും നിർദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം ടോൾ പ്ലാസകളിലെ സിസിടിവികളിൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ സഹിതം റെക്കോർഡു ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഏതു വാഹനങ്ങൾക്കാണ് ഇരട്ടി തുക ഈടാക്കേണ്ടതെന്ന് തീരുമാനിക്കാൻ ഈ ദൃശ്യങ്ങളും തെളിവായി ഉപയോഗിക്കും. വാഹനങ്ങളുടെ മുന്നിലെ ചില്ലിൽ ഫാസ്ടാഗ് പതിപ്പിക്കണമെന്ന് നിലവിലെ ചട്ടങ്ങളിൽ തന്നെ വ്യക്തമായി പറയുന്നുണ്ട്. ഇത് പാലിക്കാത്ത വാഹനങ്ങളിൽ നിന്നും ഇരട്ടി ടോൾ നിരക്ക് ഈടാക്കുക മാത്രമല്ല ഇലക്ട്രോണിക് ടോൾ കളക്ഷൻ(ഇടിസി) ഇടപാടുകളിൽ കരിമ്പട്ടികയിൽ പെടുത്താനും സാധ്യതയുണ്ട്.

ഫാസ്ടാഗ് വാഹനത്തിൽ പതിപ്പിക്കുന്ന സമയത്തുതന്നെ ഇക്കാര്യങ്ങൾ വാഹന ഉടമകളും ഫാസ്ടാഗ് പതിപ്പിക്കുന്നവരും ശ്രദ്ധിക്കണമെന്നും ദേശീയ പാതാ അതോറിറ്റി ഓർമിപ്പിക്കുന്നു. ഭാവിയിൽ ഇന്ത്യയിൽ ജിഎൻഎസ്എസ്(ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് ആരംഭിക്കാനും എൻഎച്ച്എഐക്ക് പദ്ധതിയുണ്ട്. കൃത്രിമോപഗ്രഹങ്ങളുടെ സഹായത്തിൽ ടോൾ പിരിക്കുന്ന സാങ്കേതികവിദ്യയാണിത്. വെർച്ചുൽ ടോൾ ബൂത്തുകളാണ് ഈ സാങ്കേതികവിദ്യയിലുണ്ടാവുക. ദേശീയപാതകളിൽ എത്ര ദൂരം സഞ്ചരിക്കുന്നോ അതിന് അനുസരിച്ചുള്ള ടോൾ നിരക്കുകളാണ് വാഹനങ്ങളിൽ നിന്നും ഈടാക്കുക. സാറ്റലൈറ്റ് ടോളിങ് നിലവിൽ വന്നാൽ ഇപ്പോഴത്തെ വരി നിന്നുകൊണ്ടുള്ള ടോൾ നൽകുന്ന സംവിധാനം തന്നെ ഇല്ലാതാക്കാനാവും.

Top