കാഞ്ഞങ്ങാട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ഭാഗമായുണ്ടായ വെടിക്കെട്ടപകടത്തിൽ എട്ട് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി നീലേശ്വരം പോലീസ്. ഇതുസംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കോടതിക്ക് കൈമാറുകയും ചെയ്തു.
ജാമ്യം ലഭിച്ച പ്രതികൾക്കെതിരെ കഴിഞ്ഞ ദിവസം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയാണ് ജില്ലാ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പ്രതികൾക്കായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ജാമ്യക്കാരില്ലാത്തതിനാൽ ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത പ്രതികളിലൊരാളായ രാജേഷിനെ പുറത്തിറക്കരുതെന്ന് കോടതി നിർദേശിച്ചു.
Also Read: പാർട്ടി നടപടിയിൽ അതൃപ്തി അറിയിച്ച് പിപി ദിവ്യ
അതേസമയം ജാമ്യത്തിലിറങ്ങിയ ക്ഷേത്രം ഭാരവാഹികൾക്ക് കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നു. ജില്ലാ സെഷൻസ് കോടതി കേസ് പരിഗണിച്ചപ്പോൾ പ്രതികൾ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ജാമ്യം ലഭിച്ച പ്രതികൾ പോലീസിൽ കീഴടങ്ങാതെ ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പ്രതികളെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണമാരംഭിച്ചു.