ഗസ്സ: റഫയിൽ സഹായത്തിന് കാത്തുനിന്നവർക്കുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. ഡ്രോണുകളും ടാങ്കുകളും ഉപയോഗിച്ച് റഫയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. മധ്യഗസ്സയിലും റഫയിലുമാണ് ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്നത്.
റഫയിൽ ഇസ്രായേൽ സൈന്യം കിഴക്കൻ അതിർത്തിയിലെ കൃഷിയിടങ്ങൾ നശിപ്പിക്കുകയും വീടുകൾ തകർക്കുകയും ചെയ്തു. നഗരത്തിൽ ഫലസ്തീൻ പോരാളികളും ഇസ്രായേൽ സൈന്യവും തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. ടെൻറുകളിൽ കഴിയുന്നവർക്കുനേരെയും ഇസ്രായേൽ ആക്രമണം നടത്തുന്നുണ്ട്. നുസൈറത്തിൽ അപ്പാർട്ട്മെന്റിനുനേരെ നടത്തിയ ആക്രമണത്തിൽ രണ്ട് ഫലസ്തീൻ വനിതകൾ മരിച്ചു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 20 പേരെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് കസ്റ്റഡിയിൽനിന്ന് മോചിതനായ 77 കാരനായ സമാജികനും ഇതിൽ ഉൾപ്പെടും. ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണം ആരംഭിച്ചതുമുതൽ 37,431 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 85,653 ആയി. തെക്കൻ ലെബനീസ് റോഡിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല നേതാവ് , അബ്ബാസ് (ഫാദൽ) ഇബ്രാഹിം ഹംസെ ഹ്മാദെ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല അറിയിച്ചു.