CMDRF

നരനായാട്ട് അവസാനിപ്പാക്കാതെ ഇസ്രയേൽ

പത്തുമാസമായി തുടരുന്ന യുദ്ധലഹരിയില്‍ നിന്ന് ഇസ്രയേല്‍ എളുപ്പത്തില്‍ പിന്‍മാറാൻ സാധ്യതയില്ല

നരനായാട്ട് അവസാനിപ്പാക്കാതെ ഇസ്രയേൽ
നരനായാട്ട് അവസാനിപ്പാക്കാതെ ഇസ്രയേൽ

വെസ്റ്റ് ബാങ്കില്‍ പലയിടത്തും സൈനിക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇസ്രയേലിനുണ്ട്. ഒരു ന്യായീകരണവും പറയാനില്ലാതെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആക്രമണമെന്നത് ഇസ്രയേല്‍ വ്യക്തമാക്കുന്നില്ല.

കാലങ്ങളായി വാഴുന്ന ജൂതവെറിയുടെ പകയില്‍ വെസ്റ്റ് ബാങ്കിലെ മുസ്ലീങ്ങള്‍ താമസിക്കുന്ന പലയിടങ്ങളും ഇസ്രയേല്‍ സൈന്യത്തിന്റെ സഹായത്തോടെ കൈയ്യേറുന്നത് നിത്യ കാഴ്ച്ചയാണ്. ഒറ്റപ്പെട്ട പല സംഭവങ്ങളുണ്ടായെങ്കിലും ഗാസയ്ക്ക് സമാനമായ ഒരു ആക്രമണം വെസ്റ്റ് ബാങ്കിലും പടച്ചുവിട്ടത് ഇസ്രയേലിന്റെ നീചമായ പലസ്തീന്‍ അസഹിഷ്ണുതയാണെന്നതില്‍ സംശയമൊന്നുമില്ല. ജൂത കുടിയേറ്റക്കാരെ മുന്‍നിര്‍ത്തി പലസ്തീന്‍ അധിനിവേശ പ്രദേശങ്ങളെ ആക്രമിക്കുക, അതില്‍ നിന്നും രൂപംകൊള്ളുന്ന പ്രതിഷേധ ജ്വാലയിലേക്ക് സൈന്യത്തെ വിന്യസിക്കുക, പലസ്തീനികളെ നിഷ്ഠൂരം കൊന്നൊടുക്കുക, എന്നതാണ് ഇസ്രയേല്‍ പയറ്റുന്ന തന്ത്രം.

Also Read: 92 യുഎസ് പൗരന്മാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി റഷ്യ

വെസ്റ്റ് ബാങ്കിലെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളായ ജനീന്‍, തുല്‍ക്കറം, തൂബാസ് എന്നിവയുടെ ഹൃദയഭാഗങ്ങളിലേക്കാണ് ഇസ്രയേല്‍ അതിശക്തമായ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയത്. തീയും, പുകയും, ചോരക്കളവും ഭയന്ന് ജീവനുംകൊണ്ട് ഓടി ക്യാമ്പുകളിലെത്തിയ ഒന്നുമറിയാത്തവരുടെ പിന്നാലെ വീണ്ടും തോക്കും, ബോംബുമായി പായുന്ന ഇസ്രയേലിന്റെ ക്രൂരത ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഏറെക്കുറെ സമാധാനം നിലനിന്നിരുന്ന വെസ്റ്റ് ബാങ്കിന്റെ പ്രദേശങ്ങളില്‍ വീണ്ടും അക്രമം അഴിച്ചുവിട്ട് കൂടുതല്‍ അരക്ഷിതാവസ്ഥയുണ്ടാക്കി അവരെ പ്രകോപിപ്പിക്കുക, അതില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രതിരോധമുണ്ടായാല്‍ അവിടേക്ക് ആക്രമണം കൂടുതലായി വ്യാപിപ്പിക്കുക എന്ന കുതന്ത്രവും ഇസ്രയേലിന്റെ പദ്ധതികളില്‍ വരാനിടയുണ്ട്. വെസ്റ്റ് ബാങ്കിലെ ജനജീവിതം സ്തംഭിപ്പിച്ച്, നഗരങ്ങളെ ശ്മശാനങ്ങളാക്കി, ഉയരംകൂടിയ കെട്ടിടങ്ങളിലൊക്കെ തോക്കുമായി നില്‍ക്കുന്ന സ്‌നൈപേര്‍സ് വഴിയില്‍ കൂടിപ്പോകുന്നവരെയൊക്കെ അകാരണമായി വെടിവെച്ച് വീഴ്ത്തുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ മനുഷ്യത്വരഹിതമായ ഉപരോധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങ് പോലും നടത്താന്‍ പ്രദേശവാസികള്‍ക്ക് കഴിഞ്ഞിട്ടില്ല. ആശുപത്രികള്‍ക്കും, ആമ്പുലന്‍സുകള്‍ക്ക് പോലും വിലക്ക്.

ദിവസങ്ങളോളം നീണ്ടു നില്‍ക്കാന്‍ സാധ്യതയുള്ള ഒരു ആക്രമണമാണ് വെസ്റ്റ ബാങ്കില്‍ അഴിച്ചുവിട്ടത്. ഇസ്രയേലിന്റെ കരസേനയും, വ്യോമ സേനയും ഉള്‍പ്പടെ നാല് ബറ്റാലിയനുകളാണ് ആക്രമണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ നുഴഞ്ഞുകയറ്റം നടക്കുമ്പോള്‍ ആ അടച്ചുപൂട്ടലുകളില്‍ ഇസ്രയേല്‍ കാണുന്ന ലക്ഷ്യമെന്താണ്?

Also Read: വരാന്‍ പോകുന്നത് യുദ്ധത്തേക്കാള്‍ ഭീകരം; ഗാസ മുനമ്പിലെ ആധിയും വ്യാധിയും

സമാധന ചര്‍ച്ചകളിലൊക്കെ പ്രതീക്ഷകള്‍ അസ്തമിക്കുമ്പോള്‍, ഐക്യരാഷ്ട്ര സഭയില്‍ പോലും തീരുമാനങ്ങള്‍ പാളുമ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യക്കുരുതിയില്‍ ഒരല്‍പ്പമെങ്കിലും അയവ് വരുത്തിയില്ലെങ്കില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ തന്നെ സൃഷ്ടിച്ചേക്കാം. അക്രമത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും പലയിടത്ത് നിന്നുമെത്തുന്ന സഹായങ്ങള്‍ക്ക് തടയിടുകയും, കുഞ്ഞുങ്ങളുടെ ജീവനടക്കം പുല്ലുവില കല്‍പ്പിക്കുകയും ചെയ്യുന്ന ഇസ്രയേലിന്റെ ഈ അധിനിവേശം അവസാനിപ്പിക്കാന്‍ ഇടപെടലുകള്‍ അത്യാവശ്യമാണ്. വെസ്റ്റ് ബാങ്കിലെ ഓരോ വീടുകളും സൈനിക താവളങ്ങളാക്കി, എതിര്‍ക്കുന്നവരെ നിഷ്‌കരുണം വെടിവെച്ചിട്ടു. ആളുകളെ തോക്കിന്റെ മുനയില്‍ ഭയപ്പെടുത്തി നിര്‍ത്തി. ഭയപ്പെട്ട ജനങ്ങളെ മുന്‍നിര്‍ത്തി അക്രമം ശക്തമാക്കി ബലവാനാകാന്‍ ശ്രമിക്കുമ്പോള്‍ ലോകമനസാക്ഷിക്ക് മുന്നില്‍ നിലംപതിക്കുകയാണ് ഇസ്രയേലിന്റെ തലക്കനം. അടിസ്ഥാന സൗകര്യങ്ങളടക്കം നശിപ്പിച്ച് ഒരു ജനതയുടെ ജീവിതം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ സമാധാന ചര്‍ച്ചകളില്‍ വഴിമുട്ടി നില്‍ക്കുകയാണ് അവിടുത്തെ ജീവിതങ്ങള്‍.

കെയ്‌റോയില്‍ നടത്തിയ ചര്‍ച്ചയില്‍ അമേരിക്ക തന്നെ ഔദ്യോഗികമായി കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതും വഴിമുട്ടി. നിലവില്‍ നടക്കാന്‍ ഇടയുള്ള ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെങ്കിലും പത്തുമാസമായി തുടരുന്ന യുദ്ധലഹരിയില്‍ നിന്ന് ഇസ്രയേല്‍ എളുപ്പത്തില്‍ പിന്‍മാറുമെന്ന് കരുതുന്നില്ല. മധ്യസ്ഥത രാജ്യങ്ങളായ ഈജിപ്തും, ഖത്തറും എല്ലാത്തരം നീക്കങ്ങളും നടത്തുന്നുണ്ടെങ്കിലും ഒന്നുംതന്നെ ഒരു കരാറിലേക്ക് കൈവയ്ക്കാന്‍ നെതന്യാഹുവിനെ അനുവദിക്കുന്നില്ല എന്നത് വ്യക്തമാണ്.

Also Read: അമേരിക്കൻ നിലപാട് ഇരട്ടതാപ്പ്, ഗാസയിലെ ശവംതീനികളായ ‘കഴുകൻമാർ’

അതേസമയം ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ വധിച്ചതിന് ഇറാന്‍ പ്രഖ്യാപിച്ച പ്രതികാരവും ഏത് നിമിഷവും സയണിസ്റ്റ് രാഷ്ട്രം പ്രതീക്ഷിക്കുന്നുണ്ട്. ഇറാന്റെ ഭീഷണിയില്‍ സംയുക്ത സൈനിക നീക്കത്തിനുള്ള സജ്ജീകരണം ഒരുക്കുന്നതില്‍ ഇസ്രയേലിനൊപ്പം അമേരിക്കയും പങ്കാളിയാണ്. അതുകൊണ്ടുതന്നെ ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കാനല്ല, മറിച്ച് പുതിയ ആക്രമണത്തിന് മൂര്‍ച്ച കൂട്ടുകയാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.

REPORT: ANURANJANA KRISHNA

Top