മലപ്പുറം: മലപ്പുറത്ത് നിപ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണുകളിൽ ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്ന് നിർദേശം. മലപ്പുറത്ത് മാസ്‌ക് നിർബന്ധമാക്കി. വ്യാപാര സ്ഥാപനങ്ങളിൽ ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും നിർദേശമുണ്ട്. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാർഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് എന്നീ വാർഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയത്.
ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും പുറത്തിറക്കിയ നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പു വരുത്തണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 1987ലെ പകർച്ചവ്യാധി തടയൽ നിയമം, 2005ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷൻ 223 എന്നിവ പ്രകാരവും ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
Also Read: നിപ സ്ഥിരീകരണം; യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും
കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ മരിച്ച 24 വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസർ വഴി ലഭ്യമായ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ അയച്ചു. ഈ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.