തിരുവനന്തപുരം : മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്ക് നിപയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു.
കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിൽ നിപ സ്ഥിരീകരിച്ചുവെന്നും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം വന്നാൽ മാത്രമേ അന്തിമ സ്ഥിരീകരണമാകൂവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
നിലവിൽ പ്രോട്ടോകോൾ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഫലം വരുന്നതിനു മുൻപ് തന്നെ മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരൻ പെരിന്തൽമണ്ണ സ്വദേശിയാണ്.
നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കൾ ആവശ്യപ്പെട്ടത് കുട്ടിയെ മെഡിക്കൽ കോളേജിലേക്കു മാറ്റുമെന്നും മന്ത്രി അറിയിച്ചു.