മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ ഭീഷണി. മലപ്പുറത്ത് നിപ രോഗലക്ഷണങ്ങളുള്ള 15 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. പനി, തലവേദന, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തെ തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
സ്വകാര്യ ലാബില്‍ സ്‌ക്രീനിങ് പരിശോധനാഫലം പോസിറ്റീവ് ആയതോടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. രോഗബാധ സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.നിപ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം.
സാധാരണ വവ്വാലുകളില്‍ കാണുന്ന വൈറസില്‍ നിന്ന് പകര്‍ന്ന് മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുന്ന എന്‍സെഫലിറ്റീസ് രോഗമാണ് ഉണ്ടാവുക. ചിലരില്‍ ശ്വാസകോശത്തിലാണ് നിപ വൈറസ് മൂലമുള്ള രോഗബാധ ഉണ്ടാവുക. വവ്വാലുകളുടെ പ്രജനന സമയത്ത് വവ്വാലുകളില്‍ നിന്ന് നേരിട്ടോ വവ്വാലുകളുമായി ബന്ധപ്പെട്ട മറ്റ് ജീവികളില്‍ നിന്നോ സാധനങ്ങളില്‍ നിന്നോ എല്ലാം മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ ഒക്കെ വൈറസ് എത്താം. വൈറസ് ബാധിച്ച മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗബാധയുണ്ടാകാം.