CMDRF

അന്ന സെബാസ്റ്റ്യനെ ഒരുതരത്തിലും അപമാനിച്ചിട്ടില്ല: പറഞ്ഞത് ആത്മശക്തിയെ കുറിച്ചെന്നും നിർമല സീതാരാമൻ

അന്നയുടെയോ, കമ്പനിയുടെയോ പേര് പരാമർശിച്ചിട്ടില്ലെന്നും ധനമന്ത്രി

അന്ന സെബാസ്റ്റ്യനെ ഒരുതരത്തിലും അപമാനിച്ചിട്ടില്ല: പറഞ്ഞത് ആത്മശക്തിയെ കുറിച്ചെന്നും നിർമല സീതാരാമൻ
അന്ന സെബാസ്റ്റ്യനെ ഒരുതരത്തിലും അപമാനിച്ചിട്ടില്ല: പറഞ്ഞത് ആത്മശക്തിയെ കുറിച്ചെന്നും നിർമല സീതാരാമൻ

ഡൽഹി: സ്വകാര്യ കമ്പനിയിലെ ജോലി സമ്മര്‍ദം മൂലം യുവതി മരിച്ച സംഭവത്തിലെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അന്ന സെബാസ്റ്റ്യനെ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്നും അന്നയുടെയോ, കമ്പനിയുടെയോ പേര് പരാമർശിച്ചിട്ടില്ലെന്നും ധനമന്ത്രി വിശദീകരണത്തിൽ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ആത്മശക്തി വളര്‍ത്തിയെടുക്കേണ്ടതിനെ കുറിച്ചാണ് സംസാരിച്ചത്. കുട്ടികളെ പിന്തുണയ്ക്കുന്നതില്‍ കുടുംബത്തിന്റെ പ്രാധാന്യം എടുത്തു പറയാനാണ് താന്‍ ശ്രമിച്ചതെന്നും മന്ത്രി പറ‌ഞ്ഞു. പ്രസ്താവന പ്രതിപക്ഷത്തിൻ്റെയും അന്നയുടെ കുടുംബത്തിൻ്റെയും വിമർശനത്തിന് കാരണമായിരിക്കെയാണ് ധനമന്ത്രിയുടെ വിശദീകരണം.

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളെ സന്ദർശിച്ച ശേഷമാണ് നിർമല സീതാരാമനെ മന്ത്രിമാരും ജനപ്രതിനിധികളും വിമർശിച്ചത്. പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവരും ഉമാ തോമസ് എംഎൽഎയുമാണ് കൊച്ചി കങ്ങരപ്പടിയിലെ വീട്ടിലെത്തിയത്. നിർമല സീതാരാമന്റെ പ്രസ്താവന ഹൃദയ ശൂന്യമെന്ന് എം ബി രാജേഷും കേന്ദ്രമന്ത്രി പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്ന് മുഹമ്മദ്‌ റിയാസും ആവശ്യപ്പെട്ടു. എന്നാൽ നിർമല സീതാരാമനെ വിമർശിക്കാനില്ലെന്ന് പറഞ്ഞ ഉമാ തോമസ്, 17 മണിക്കൂർ ജോലി ചെയ്യുന്ന ഒരാൾക്ക് പ്രാർത്ഥിക്കാനും ധ്യാനം ചെയ്യാനും ഒക്കെ എങ്ങനെ സമയം കിട്ടുമെന്ന ചോദ്യവും ഉന്നയിച്ചു.

Top