ബെംഗളൂരു: ഇലക്ടറൽ ബോണ്ട് കേസിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതി നിർദേശത്തെത്തുടർന്നാണ് ഇവർക്കെതിരെ കേസ് എടുത്തത്.
നിങ്ങൾക്ക് ധാർമികതയുണ്ടെങ്കിൽ മുൻ ബി.ജെ.പി മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ മകൻ ബി.വൈ വിജയേന്ദ്രയെയും പുറത്താക്കൂ. നിർമല സീതാരാമനെയും കർണാടക പ്രതിപക്ഷ നേതാവ് ആർ.അശോകനെയും ബി.ജെ.പി എം.എൽ.എ മുനിരത്നയെയും പുറത്താക്കൂ. ഇലക്ടറൽ ബോണ്ട് സ്കീം വഴി വലിയ നഷ്ടം വരുത്തിയ കമ്പനികൾ ബി.ജെ.പിക്ക് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും നിർമല ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസിനോട് നിർദേശിക്കാൻ കോടതിക്ക് സാധുവായ കാരണങ്ങളുണ്ടെന്നും ജനാധികാര സംഘർഷ് പരിഷത്ത് നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും ഖാർഗെ പറഞ്ഞു.
Also Read: കോൺഗ്രസ് ‘പാക്കിസ്ഥാൻ സിന്ദാബാദ്’ മുഴക്കുന്നു: ആരോപണവുമായി അമിത് ഷാ
രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും കള്ളപ്പണം വെളുപ്പിക്കുന്നതിലാണെന്നും അവരെ ആദ്യം ജയിലിലടക്കണമെന്നുമുള്ള ചില ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയെ ഖാർഗെ പരിഹസിച്ചു. കഴിഞ്ഞ 11 വർഷമായി നിങ്ങൾ അധികാരത്തിലാണ്. ഇത്രയും വർഷം നിങ്ങൾ എന്താണ് ചെയ്തതെന്നും മന്ത്രി ചോദിച്ചു.
കേന്ദ്രമന്ത്രി നിർമല സീതാരാമൻ, ഇ.ഡി ഉദ്യോഗസ്ഥർ, ഭാരവാഹികൾ എന്നിവർക്കെതിരെ പ്രത്യേക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കവർച്ച, ക്രിമിനൽ ഗൂഢാലോചന എന്നിവ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര, പാർട്ടി നേതാവ് നളിൻ കുമാർ കട്ടീൽ എന്നിവരെയും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.