CMDRF

നിർമല സീതാരാമന്റെ വിവാദ പ്രസ്താവന; പ്രതിഷേധത്തിനൊരുങ്ങി ഡിവൈഎഫ്‌ഐ

കോർപറേറ്റുകളെ സംരക്ഷിക്കുന്ന നിലപാടാണ് നിർമല സീതാരാമൻ സ്വീകരിച്ചതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു

നിർമല സീതാരാമന്റെ വിവാദ പ്രസ്താവന; പ്രതിഷേധത്തിനൊരുങ്ങി ഡിവൈഎഫ്‌ഐ
നിർമല സീതാരാമന്റെ വിവാദ പ്രസ്താവന; പ്രതിഷേധത്തിനൊരുങ്ങി ഡിവൈഎഫ്‌ഐ

കൊച്ചി: അന്ന സെബാസ്റ്റ്യൻറെ മരണത്തിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പരാമർശത്തിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്. അന്നയുടെ മരണത്തിലൂടെ കോർപറേറ്റ് മേഖലയിലെ ചൂഷണം കൂടുതൽ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ കോർപറേറ്റുകളെ സംരക്ഷിക്കുന്ന നിലപാടാണ് നിർമല സീതാരാമൻ സ്വീകരിച്ചതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ഇത് തൊഴിലാളികളോടും യുവാക്കളോടുമുള്ള പരിഹാസവും വെല്ലുവിളിയുമാണ്. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചും തൊഴിൽ ചൂഷണം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ടും യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും സനോജ് അറിയിച്ചു.

സമ്മർദത്തെ നേരിടുന്നത് എങ്ങനെയെന്ന് വീടുകളിൽ നിന്ന് പഠിപ്പിച്ചുകൊടുക്കണം എന്നായിരുന്നു നിർമല സീതാരാമന്റെ വിചിത്ര വാദം. ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദത്തെ നേരിടാനാകൂ എന്നും അന്നയുടെ മരണം പരാമർശിച്ച് മന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിൽ ഒരു സ്വകാര്യ കോളേജിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നിർമല സീതാരാമന്റെ പ്രതികരണം. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.

Also Read:അന്നയുടെ മരണം: കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന തള്ളി മുഹമ്മദ് റിയാസ്

ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് കളമശേരി കങ്ങരപ്പടി സ്വദേശിനിയായ അന്ന സെബാസ്റ്റ്യൻ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ബഹുരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആൻഡ് യങ് കമ്പനിയിൽ ചാർട്ടേർഡ് അക്കൗണ്ടന്റായി ജോലിക്ക് പ്രവേശിച്ച് നാല് മാസത്തിനുള്ളിലായിരുന്നു അന്നയുടെ മരണം. ഉറക്കക്കുറവും സമയം തെറ്റിയുള്ള ഭക്ഷണരീതിയും അന്നയുടെ ഹൃദയാരോഗ്യത്തെ ബാധിച്ചിരുന്നതായി കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച കത്തിൽ അനിത സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടിയിരുന്നു. ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോൾ പലപ്പോഴും രാത്രി ഒരു മണിയാകുമായിരുന്നുവെന്നും ഇതിന് ശേഷവും പണിയെടുക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അമ്മ ചൂണ്ടിക്കാട്ടിയിരുന്നു. മരണശേഷം പോലും അന്നയെ അവഗണിക്കുന്ന മനോഭാവമായിരുന്നു കമ്പനിയുടേതെന്നായിരുന്നു അച്ഛൻ സിബി ജോസഫ് പ്രതികരിച്ചത്.

Top