CMDRF

ഹാച്ച്ബാക്കിന്റെ വിലയുള്ള എസ്‌യുവി പുറത്തിറക്കാൻ തീയതി കുറിച്ച് നിസാൻ

മാഗ്നൈറ്റ് എന്ന കുഞ്ഞൻ എസ്‌യുവി അവതരിപ്പിച്ച് ഏതാണ്ട് നാല് കൊല്ലം പൂർത്തിയാവുന്ന വേളയിൽ പുത്തൻ X-ട്രെയിൽ രാജ്യത്തിന് സമ്മാനിച്ചാണ് തങ്ങളുടെ പദ്ധതികളെ കുറിച്ചുള്ള സൂചനകൾ കമ്പനി പുറത്തുവിടുന്നത്

ഹാച്ച്ബാക്കിന്റെ വിലയുള്ള എസ്‌യുവി പുറത്തിറക്കാൻ തീയതി കുറിച്ച് നിസാൻ
ഹാച്ച്ബാക്കിന്റെ വിലയുള്ള എസ്‌യുവി പുറത്തിറക്കാൻ തീയതി കുറിച്ച് നിസാൻ

ന്ത്യയിൽ കൂടുതൽ ശക്തിയാർജിക്കാനുള്ള പടപ്പുറപ്പാടിലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ . മാഗ്നൈറ്റ് എന്ന കുഞ്ഞൻ എസ്‌യുവി അവതരിപ്പിച്ച് ഏതാണ്ട് നാല് കൊല്ലം പൂർത്തിയാവുന്ന വേളയിൽ പുത്തൻ X-ട്രെയിൽ രാജ്യത്തിന് സമ്മാനിച്ചാണ് തങ്ങളുടെ പദ്ധതികളെ കുറിച്ചുള്ള സൂചനകൾ കമ്പനി പുറത്തുവിടുന്നത്. ഇത് വെറും ടീസറാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ആഭ്യന്തര വിപണയിൽ പുതിയൊരു സ്പോർട് യൂട്ടിലിറ്റി വാഹനം കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നിസാൻ. ആളുകയറാതിരുന്ന നിസാന്റെ ഷോറൂമുകളുടെ രക്ഷകനായി അവതരിച്ച മാഗ്നൈറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായിരിക്കും ആ മോഡൽ.

ഈ വരവ് ആളുകളെല്ലാം നേരത്തെ പ്രതീക്ഷിച്ചിരുന്നതായിരുന്നുവെങ്കിലും തീയതി പുറത്തുവിട്ടാണ് കമ്പനി ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 2024 ഒക്ടോബർ നാലിന് അരങ്ങേറ്റം കുറിക്കും. വരാനിരിക്കുന്ന ഉത്സവ സീസണിൽ കച്ചോടം പൊടിപൊടിക്കാനുള്ള ജാപ്പനീസ് ബ്രാൻഡിന്റെ നീക്കമാണിത്. മുഖംമിനുക്കിയെത്തുന്ന കോംപാക്‌ട് എസ്‌യുവിയിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുന്നതെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ല.

എന്നിരുന്നാലും മെക്കാനിക്കലായോ എഞ്ചിനിലോ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പകരം പുതിയ രൂപത്തിലേക്ക് മാറുന്നതിനോടൊപ്പം കിടിലൻ ഫീച്ചറുകളുടെ വരവിനും സാക്ഷ്യംവഹിക്കാനായേക്കും. എക്സ്റ്റീരിയറിൽ പലർക്കും താത്പര്യമില്ലാതിരുന്ന ഡാറ്റസൻ സ്റ്റൈൽ ഗ്രിൽ പൊളിച്ചെഴുതുമോയെന്നാണ് പലർക്കും അറിയേണ്ടത്. മുന്നിലും പിന്നിലും പുതിയ ബമ്പർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

അതോടൊപ്പം നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഗ്രില്ലും ഹെഡ്‌ലൈറ്റും പുതിയതായിരിക്കും. ഇതിനുപുറമെ വശങ്ങളിൽ പുതിയ അലോയ് വീലുകളും വീൽ കവറുകളും ഉൾപ്പെടുത്തിക്കൊണ്ടാവും കമ്പനി ഞെട്ടിക്കാൻ ഇറങ്ങുക. പുതുക്കിയ മോഡൽ ലൈനപ്പിലേക്ക് ജാപ്പനീസ് വാഹന നിർമാതാക്കൾ പുതിയ കളർ ഓപ്ഷനുകളും അവതരിപ്പിച്ചേക്കാം. അങ്ങനെ മൊത്തത്തിൽ ആളാവാനുള്ള ശ്രമങ്ങളാവും മാഗ്നൈറ്റിലേക്ക് കൂട്ടിച്ചേർക്കുകയെന്നാണ് വിശ്വാസം.

അകത്തളത്തിലേക്ക് നോക്കിയാൽ നിലവിലെ മോഡലിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, റിയർ എസി വെൻ്റുകൾ, ടിഎഫ്‌ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഒരു ഓട്ടോമാറ്റിക് എസി യൂണിറ്റ്, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, മുന്നിലും പിന്നിലും ആംറെസ്റ്റുകൾ തുടങ്ങിയ സവിശേഷതകളെല്ലാം കുത്തിനിറച്ചിട്ടുണ്ടെങ്കിലും അൽപംകൂടി പരിഷ്ക്കാരിയാവാൻ എന്തായാലും മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ശ്രമിക്കും.

സിംഗിൾ പാൻ ഇലക്ട്രിക് സൺറൂഫ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ എന്നിങ്ങനെയുള്ള കുറച്ച് പുതിയ ഫീച്ചറുകൾ ഇന്റീരിയറിലേക്ക് എത്തുമെന്നാണ് വിശ്വസിക്കുന്നത്. ഡ്രൈവർക്കുള്ള 7 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേയും പരിഷ്ക്കരിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഡാഷ്‌ബോർഡിനായി പുതിയ മെറ്റീരിയലുകളും സീറ്റുകൾക്കായി ഒരു പുതിയ അപ്‌ഹോൾസ്റ്ററിയും നിസാൻ നൽകിയേക്കും.

മുഖംമിനുക്കി സുന്ദരക്കുട്ടപ്പനാവുമെങ്കിലും മുകളിൽ പറഞ്ഞതുപോലെ നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് മെക്കാനിക്കൽ നവീകരണങ്ങളൊന്നും കമ്പനി നൽകില്ല. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ സിലിണ്ടർ പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാവും എസ്‌യുവി വിപണിയിലേക്ക് എത്തുക. ഇതിൽ ആദ്യത്തേത് 71 bhp പവറിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

രണ്ടാമത്തെ ടർബോചാർജ്ഡ് യൂണിറ്റിലേക്ക് വന്നാൽ 100 bhp കരുത്തിൽ 160 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളകായിരിക്കും ഇത്. NA എഞ്ചിൻ 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായോ 5-സ്പീഡ് എഎംടിയുമായോ ജോടിയാക്കാം. മറുവശത്ത് ടർബോചാർജ്ഡ് എഞ്ചിന് 5-സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ഒരു സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും ലഭിക്കുക. 6 ലക്ഷം രൂപയിൽ തുടങ്ങി 11.27 ലക്ഷം രൂപ വരെയാണ് മാഗ്നൈറ്റിന്റെ നിലവിലെ വില.

മുഖംമിനുക്കിയെത്തുമ്പോൾ വാഹനത്തിന്റെ വിലയിലും ചെറിയ വർധനവുണ്ടായേക്കാം. എങ്കിലും പോക്കറ്റിന് ഇണങ്ങുന്ന വിധത്തിൽ തന്നെയാവും മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിനെ കമ്പനി പണിതിറക്കുയെന്നാണ് വിശ്വാസം. ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റർ, മാരുതി ഫ്രോങ്ക്സ്, മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, സിട്രൺ C3, റെനോ കൈഗർ, കിയ സോനെറ്റ് തുടങ്ങിയ വമ്പൻമാർക്കെതിരെയാണ് നിസാന്റെ മത്സരം.

Top