നിസാൻ എക്സ് എക്‌സ് ട്രെയിൽ എസ്‌യുവി . 49.92 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പൂർണമായും നിർമിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന (CBU) 150 എക്‌സ് ട്രെയിൽ യൂണിറ്റുകളാണ് ആദ്യഘട്ടത്തിൽ നിസാൻ ഇന്ത്യയിൽ വിൽക്കുക. മൂന്നു വർഷം/ഒരു ലക്ഷം കി.മീ വാറണ്ടിയുമായാണ് എക്‌സ് ട്രെയിൽ നിസാൻ പുറത്തിറക്കിയിരിക്കുന്നത്. വാഹനത്തിന് മൂന്നു വർഷം സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസും നൽകും.
ഒറ്റ എൻജിൻ ഓപ്ഷനിലാണ് എക്‌സ് ട്രെയിൽ എത്തുന്നത്. 1.5 ലീറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ ഷിഫ്റ്റ് ബൈ വയർ സിവിടി ഓട്ടോ ഗിയർബോക്‌സുമായാണ് ബന്ധിപ്പിക്കുക. 12 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും വാഹനത്തിന്റെ കരുത്തും കാര്യക്ഷമതയും വർധിപ്പിക്കും. രണ്ടും ചേർന്ന് 163 എച്ച്പി കരുത്തും പരമാവധി 300 എൻഎം ടോർക്കും പുറത്തെടുക്കുന്ന വാഹനമായിരിക്കും നിസാൻ എക്‌സ് ട്രെയിൽ. റോഡിലെ ആവശ്യത്തിന് അനുസരിച്ച് പെർഫോമെൻസിലേക്കും ഇന്ധനക്ഷമതയിലേക്കും കംപ്രഷൻ റേഷ്യോ മാറ്റുന്ന നിസാന്റെ വേരിയബിൾ കംപ്രഷൻ ടെക്‌നോളജിയും എക്‌സ് ട്രെയിലിൽ.
രാജ്യാന്തര വിപണിയിൽ 2021 മുതൽ വിൽപനയിലുള്ള നാലാം തലമുറ നിസാൻ എക്‌സ് ട്രെയിലാണ് ഇന്ത്യയിൽ എത്തുക. മൂന്നു നിരകളിലായി ഇരിപ്പിടങ്ങളുമുള്ള 7 സീറ്റർ വാഹനമായിരിക്കും ഇന്ത്യയിലെ എക്‌സ് ട്രെയിൽ. പല വിദേശ വിപണികളിലും 5 സീറ്റർ ഓപ്ഷൻ കൂടിയുണ്ട്. സ്പ്ലിറ്റ് ഹെഡ്‌ലാംപുകളും ഡാർക്ക് ക്രോം ഫിനിഷിങിൽ വി മോഷൻ ഗ്രില്ലും പ്ലാസ്റ്റിക് ക്ലാഡിങ്ങോടു കൂടിയ റൗണ്ടഡ് വീൽ ആർക്കും ഡയമണ്ട് കട്ട് അലോയ് വീലുകളും എൽഇഡി ടെയിൽ ലാംപുകളും ഇന്ത്യൻ എക്‌സ് ട്രെയിലിലുണ്ട്.
ഡയമണ്ട് ബ്ലാക്ക്, ഷാംപെയിൻ സിൽവർ, പേൾ വൈറ്റ് എന്നീ നിറങ്ങളിൽ എക്‌സ് ട്രെയിൽ എത്തും. 4,680 എംഎം നീളവും 1,840 എംഎം വീതിയും 1,725എംഎം ഉയരവുമുള്ള വാഹനമാണ് എക്‌സ് ട്രെയിൽ. വീൽ ബേസ് 2,705 എംഎം. 210 എംഎം ഗ്രൗണ്ട് ക്ലിയറൻസും 5.5 എം ടേണിങ് റേഡിയസും. 255/45 ആർ20 വലിപ്പമുള്ള ടയറുകൾ.
ഡ്യുവൽ പാൻ പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, കീ ലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട് എന്നീ ഫീച്ചറുകൾ ഉള്ളിലുണ്ട്. വ്യത്യസ്ത ഡ്രൈവ് മോഡുകളും ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് വിത്ത് ഓട്ടോ ഹോൾഡ് ആന്റ് ക്രൂസ് കൺട്രോൾ സൗകര്യവും എക്‌സ് ട്രയലിലുണ്ട്.
ഏഴ് എയർ ബാഗുകൾ, ഓട്ടമാറ്റിക് വൈപ്പർ, എബിഎസ് വിത്ത് ഇബിഡി, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകൾ. ഇരിപ്പിടങ്ങളിൽ രണ്ടാം നിരയിൽ 40/20/40 സ്പ്ലിറ്റ് ഹോൾഡിങ് സൗകര്യവും സ്ലൈഡിങ് ആന്റ് റീക്ലൈനിങ് ഫങ്ഷനും ഉണ്ടായിരിക്കും. മൂന്നാം നിരയിൽ 50/50 സ്പ്ലിറ്റ് ഫോൾഡിങ് ആന്റ് റീക്ലൈനിങ് ഫങ്ഷൻ ഉണ്ട്.