നിതിൻ അഗർവാൾ പൊലീസ് മേധാവിയാകില്ല, വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് പത്മകുമാറിനും സാധ്യത മങ്ങും

നിതിൻ അഗർവാൾ പൊലീസ് മേധാവിയാകില്ല, വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് പത്മകുമാറിനും സാധ്യത മങ്ങും
നിതിൻ അഗർവാൾ പൊലീസ് മേധാവിയാകില്ല, വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് പത്മകുമാറിനും സാധ്യത മങ്ങും

തിരുവനന്തപുരം: സീനിയർ ഐ.പി.എസ് ഓഫീസറായ നിതിൻ അഗർവാൾ തിരിച്ചു വരുന്നതോടെ സംസ്ഥാന പൊലീസ് തലപ്പത്ത് വലിയ അഴിച്ചു പണിയുണ്ടാകും. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിനേക്കാൾ സീനിയറാണെങ്കിലും, സംസ്ഥാന പൊലീസ് മേധാവിയായി നിതിൻ അഗർവാളിനെ കേരളസർക്കാർ നിയമിക്കില്ലെന്നാണ് സൂചന.

പ്രത്യേകിച്ച് ജമ്മുവിലെ നുഴഞ്ഞുകയറ്റം വൻ തിരിച്ചടിയായ പശ്ചാത്തലത്തിലാണ് ബിഎസ്എഫ് മേധാവി സ്ഥാനത്ത് നിന്നും നിതിൻ അഗര്‍വാളിനെ നീക്കികൊണ്ടുള്ള കേന്ദ്രത്തിന്‍റെ അസാധാരണ നീക്കമുണ്ടായത് എന്നതിനാൽ, ക്രമസമാധാന ചുമതലയ്ക്ക് നേതൃത്വം നൽകുന്ന ഡി.ജി.പി തസ്തികയിലേക്ക് പരിഗണിക്കാനുള്ള ഒരു സാധ്യതയും നിലവിലില്ല. ഇപ്പോഴത്തെ ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിന് ഒരു വർഷത്തോളം കാലാവധി അവശേഷിക്കുന്നതിനാൽ അദ്ദേഹം തന്നെ തൽസ്ഥാനത്ത് തുടരാനാണ് സാധ്യത.

സംസ്ഥാന പൊലീസ് മേധാവി കഴിഞ്ഞാൽ പിന്നെ നിതിൻ അഗർവാളിനെ പരിഗണിക്കാൻ സാധ്യതയുള്ളത് സംസ്ഥാന വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, ഫയർ ഫോഴ്സ് മേധാവി തസ്തികയിലേക്കാണ്. ഇതിൽ തന്ത്രപ്രധാനമായ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് നിതിൻ അഗർവാളിനെ പരിഗണിക്കണമെങ്കിൽ, രാഷ്ട്രീയ തീരുമാനം അനുകൂലമാവേണ്ടതുണ്ട്. നിലവിലെ വിജിലൻസ് ഡയറക്ടർ ടി.കെ വിനോദ് കുമാർ വിആർഎസ് എടുത്ത് പോകാനിരിക്കുന്ന സാഹചര്യത്തിൽ ആ സ്ഥാനത്തേക്ക് സർക്കാരിന് പകരം ആളെ കണ്ടെത്തേണ്ടതുണ്ട്. നിതിൻ അഗർവാൾ അല്ലെങ്കിൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യത ഉള്ളവരുടെ ലിസ്റ്റിൽ കെ.പത്മകുമാറുമുണ്ട്.

കോൺഗ്രസ്സ് ഉന്നത നേതാക്കളുമായുള്ള അടുപ്പവും, കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് നടത്തിയ ചില ‘ഇടപെടലുകളുമാണ് ‘ നിലവിൽ സംസ്ഥാനത്തുള്ള ഏറ്റവും സീനിയറായ കെ പത്മകുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരിക്കാൻ കാരണമായിരുന്നത്. അങ്ങനെ ഒരാളെ, പിണറായി സർക്കാർ വിജിലൻസ് ഡയറക്ടറെ പോലെയുള്ള ഉന്നത സ്ഥാനത്ത് കൊണ്ടു വരുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്.

ലോകസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് ആഭ്യന്തര വകുപ്പിൻ്റെ പ്രവർത്തനത്തിൽ ജനങ്ങൾക്കുള്ള അതൃപ്തിയും ഒരു കാരണമാണെന്ന വിലയിരുത്തലുകൾ സി.പി.എമ്മിൽ ഉയർന്നു വരുന്ന സ്ഥിതിയ്ക്ക്, വിജിലൻസ് ഡയറക്ടർ നിയമനത്തിൽ സി.പി.എം നേതൃത്വത്തിൻ്റെ വികാരം കൂടി സർക്കാരിന് പരിഗണിക്കേണ്ടതായി വരും. എങ്കിലും ഇക്കാര്യത്തിലും അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ്റേത് തന്നെയായിരിക്കും.2026- വരെയാണ് നിതിൻ അഗർവാളിന് സർവീസ് കാലാവധി ബാക്കിയുള്ളത്.

തികച്ചും അപ്രതീക്ഷിതമായാണ് ബിഎസ്എഫ് മേധാവിയായ നിതിൻ അഗര്‍വാളിനെ സ്ഥാനത്തുനിന്നും നീക്കി, കേന്ദ്രസർക്കാർ കേരള കേഡറിലേക്ക് തിരിച്ചയച്ചിരിക്കുന്നത്. ഇതു സംബന്ധമായ ഒരു സൂചന പോലും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്ക് പോലും ലഭിച്ചിരുന്നില്ല. നിതിൻ അഗര്‍വാളിന് പുറമെ ബിഎസ്എഫ് സ്പെഷ്യൽ ഡയറക്ടർ ജനറൽ വൈ.ബി.ഖുറാനിയയെയും കേന്ദ്രം മടക്കി അയച്ചിട്ടുണ്ട്. രണ്ടുപേർക്കെതിരെയും ഉള്ള നടപടിയുടെ കാരണം ഔദ്യോഗികമായി ഇതുവരെ കേന്ദ്ര സർക്കാർ പുറത്ത് വിട്ടിട്ടില്ല.

കേരളത്തിൽ നിന്ന് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മുൻപും മടക്കി അയച്ചിട്ടുണ്ടെങ്കിലും തന്ത്രപ്രധാന പദവിയിലിരിക്കുന്ന ഇത്ര മുതിർന്ന ഉദ്യോഗസ്ഥരെ തിരിച്ചയക്കുന്ന നടപടി സാധാരണമല്ല. അതീവ ഗൗരവമുള്ള അച്ചടക്ക നടപടിയാണ് ഇതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.

ജമ്മുകാശ്മീരിൻ്റെ രാജ്യാന്തര അതിർത്തി കാക്കുന്നത് ബിഎസ്എഫ് ആണ്. കൂടാതെ വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന നിയന്ത്രണരേഖ അടക്കം തന്ത്രപ്രധാന മേഖലകളുടെ സുരക്ഷാച്ചുമതലയും ബിഎസ്എഫിനുണ്ട്.

നീണ്ട ഇടവേളയ്ക്കു ശേഷം അടുത്തിടെ അതിർത്തിയിൽ നുഴഞ്ഞു കയറ്റങ്ങൾ കൂടിയതും, ഭീകരാക്രമണം വർദ്ധിച്ചതിനെയും ഗൗരവമായാണ് കേന്ദ്ര സർക്കാർ നോക്കി കണ്ടിരുന്നത്. ഈ പശ്ചാത്തലത്തിൽ തന്നെയാണ് നിതിൻ അഗർവാൾ ഉൾപ്പെടെയുള്ള ഉന്നതർ, ബി.എസ്.എഫ് തലപ്പത്ത് നിന്നും ഇപ്പോൾ തെറിച്ചിരിക്കുന്നത്.

1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ നിതിൻ അഗർവാൾ കഴിഞ്ഞ വർഷം ജൂണിലാണ് ബിഎസ്എഫ് തലപ്പത്ത് എത്തിയത്. കഴിഞ്ഞ രണ്ടുതവണയും കേരളത്തിൽ സംസ്ഥാന പോലീസ് മേധാവിയുടെ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഏറ്റവും മുതിർന്നയാളെന്ന നിലയിൽ നിതിൻ അഗർവാളിൻ്റെ പേര് പട്ടികയിൽ ഒന്നാമത് ഉണ്ടായിരുന്നു. എന്നാൽ കേന്ദ്രത്തിൽ ഉന്നത പദവിയിൽ ഇരിക്കുന്നതിനാൽ കേരളത്തിലേക്ക് വരാൻ അദ്ദേഹം താൽപര്യപ്പെട്ടിരുന്നില്ല.

STAFF REPORTER

Top