മുംബൈ: മഹാരാഷ്ട്ര സർക്കാറിന്റെ ‘ലഡ്കി ബഹിൻ’ പദ്ധതിക്കെതിരെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സ്ത്രീകൾക്ക് സാമ്പത്തിക സഹായത്തിനായി ആരംഭിക്കുന്ന ഈ പദ്ധതി നടപ്പിലാകുന്നതോടെ മറ്റ് മേഖലകളിൽ കൃത്യസമയത്ത് സബ്‌സിഡികൾ നൽകുന്നതിന് തടസമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിമർശനത്തോടെ സ്വന്തം പാർട്ടിയുടെ വിമർശകനായി മാറിയിരിക്കുകയാണ് നിതിൻ ഗഡ്കരി.
നിക്ഷേപകർക്ക് അവരുടെ സബ്‌സിഡി കൃത്യസമയത്ത് ലഭിക്കുന്നുണ്ടോ? ആർക്കറിയാം! ലഡ്കി ബഹിൻ പദ്ധതിക്കും ഞങ്ങൾ പണം നൽകണം!’ എന്നായിരുന്നു വാക്കുകൾ. നാഗ്പൂരിൽ പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുമ്പ് മറ്റ് സബ്‌സിഡികൾക്കായി നീക്കിവച്ചിരുന്ന ഫണ്ടുകൾ ഈയിനത്തിൽ വകമാറ്റപ്പെടുമെന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു. ‘നിങ്ങൾക്ക് സബ്‌സിഡി ലഭിക്കുകയാണെങ്കിൽ അതെടുക്കുക. എന്നാൽ വീണ്ടും എപ്പോൾ ലഭിക്കുമെന്ന് ഒരുറപ്പുമില്ല. ‘ലഡ്‌കി ബഹിൻ യോജന’ ആരംഭിച്ചതോടെ സബ്‌സിഡികൾക്കായി അനുവദിച്ച ഫണ്ട് അതിനുകൂടി ഉപയോഗിക്കേണ്ടിവരുന്നു’ എന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര സർക്കാറിന്റെ ഈ പദ്ധതി പ്രകാരം 21നും 65 നും ഇടക്ക് പ്രായമുള്ള സ്ത്രീകൾക്ക് വൈവാഹിക നില പരിഗണിക്കാതെ, കുടുംബ വരുമാനം 2.5 ലക്ഷം രൂപയിൽ കവിയാത്തപക്ഷം പ്രതിമാസം 1,500 രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കും. സംസ്ഥാനത്തിന്റെ ഖജനാവിൽ നിന്ന് 46,000 കോടി രൂപ ചെലവിട്ടാണ് ഇത് നടപ്പാക്കുന്നത്.
Also Read: മഹാരാഷ്ട്രയിൽ ഒരുവര്‍ഷം കാണാതായത് 64,000 സ്ത്രീകളെ; ‘ലാപത ലേഡീസ്’ പ്രചാരണവുമായി കോൺഗ്രസ്
അതേസമയം, ഒരു ‘സോപ്പ് ഓപ്പറക്ക്’ യോഗ്യമായ ട്വിസ്റ്റാണ് കേന്ദ്രമന്ത്രിയായ ഗഡ്കരി ഇപ്പോൾ മഹാരാഷ്ട്രയുടെ സാമ്പത്തിക പ്രശ്‌നങ്ങൾ പരസ്യമായി അംഗീകരിക്കുന്നതിലൂടെ വ്യക്തമാകുന്നതെന്ന് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഗഡ്കരിയുടെ പ്രസ്താവന പാർട്ടിക്ക് തലവേദനയുണ്ടാക്കുന്നതാണ്.