ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രിപദം വാഗ്ദാനംചെയ്തുകൊണ്ട് പ്രതിപക്ഷസഖ്യത്തിലെ മുതിര്‍ന്ന നേതാവ് തന്നെ സമീപിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ താന്‍ ആ വാഗ്ദാനം നിരസിച്ചുവെന്നു നാഗ്പുരില്‍ മാധ്യമ അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
‘ഒരു ആശയവും ചിന്താരീതിയും പിന്തുടരുന്നയാളാണു ഞാന്‍. സ്വപ്നംപോലും കാണാത്തതെല്ലാം തന്ന പാര്‍ട്ടിയിലാണു ഞാനുള്ളത്. ഒരു വാഗ്ദാനത്തിനും എന്നെ പ്രലോഭിപ്പിക്കാനാവില്ല’ എന്നാണു താന്‍ മറുപടി നല്‍കിയതെന്നു ഗഡ്കരി വിശദീകരിച്ചു. പ്രതിപക്ഷത്തുനിന്ന് ആരാണു വാഗ്ദാനവുമായി സമീപിച്ചതെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയില്ല.ഇതേ ബോധ്യത്തോടെ വേണം മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്യാന്‍. പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനം ഭാവി തലമുറകളിലേക്ക് പകര്‍ന്നുനല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.