ഗാസ: ഗാസയിൽ നടക്കുന്ന ഇസ്രയേലിന്റെ നരഹത്യ അവസാനിപ്പിച്ചില്ലെങ്കിൽ ഒരു കരാറിലും ഒപ്പിടില്ലെന്ന് വ്യക്തമാക്കി പലസ്തീൻ വിമോചന സംഘടനയായ ഹമാസ്. ബന്ദിമോചനവും വെടിനിർത്തലും സംബന്ധിച്ച് ദോഹയിൽ നടന്ന ദ്വിദിന ചർച അവസാനിച്ചതിന് പിന്നാലെയാണ്
ഹമാസിന്റെ പ്രതികരണം.
ചർച്ച പരാജയപ്പെടാൻ കാരണം ഇസ്രായേലാണ്. മേയ് അവസാനം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച കരാറിന്റെ രൂപരേഖയോട് ജൂലൈ 2 ന് തന്നെ ഞങ്ങൾ പ്രതികരിച്ചിരുന്നു. ആ ചട്ടക്കൂടിനുള്ളിൽ നിന്നുള്ള കരാറിന് മാത്രമേ ഞങ്ങൾക്ക് താൽപ്പര്യമുള്ളൂ’ -ഹമാസ് വ്യക്തമാക്കി.
എന്നാൽ ഗാസയിൽ വെടിനിർത്തൽ -ബന്ദിമോചന കരാറിലേക്ക് കൂടുതൽ അടുത്തിരിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ പറഞ്ഞിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ദോഹയിൽ നടന്ന സന്ധി സംഭാഷണത്തിന് പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം. കരാറിന് അടുത്ത ആഴ്ചയോടെ അന്തിമരൂപം കൈവരിക്കുമെന്ന് മധ്യസ്ഥരായ ഖത്തർ, അമേരിക്ക, ഈജിപ്ത് എന്നീ രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചിരുന്നു. എന്നാൽ, നിരന്തരം ചർച്ച നടത്തി ഇസ്രായേൽ പ്രഹസനമാക്കുകയാണെന്നാരോപിച്ച് ഹമാസ് ചർച്ചയിൽ പങ്കെടുത്തിരുന്നില്ല.
അതിനിടെ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ തിങ്കളാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ഗാസ യുദ്ധം ആരംഭിച്ച ശേഷം ബ്ലിങ്കൻ നടത്തുന്ന പത്താമത്തെ സന്ദർശനമാണിത്. വെടിനിർത്തൽ കരാർ ഉടൻ നടപ്പാക്കാൻ ബ്ലിങ്കൻ സമ്മർദം ചെലുത്തുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.