CMDRF

‘സംസ്ഥാന അവാർഡ് കിട്ടാത്തതിൽ പരാതിയില്ല’; ആനന്ദ് ഏകർഷി

‘സംസ്ഥാന അവാർഡ് കിട്ടാത്തതിൽ പരാതിയില്ല’; ആനന്ദ് ഏകർഷി
‘സംസ്ഥാന അവാർഡ് കിട്ടാത്തതിൽ പരാതിയില്ല’; ആനന്ദ് ഏകർഷി

സംസ്ഥാന അവാർഡ് നിർണയത്തിൽ ആട്ടം പരിഗണിക്കപ്പെടാത്തതിൽ പ്രതികരണവുമായി സംവിധായകൻ ആനന്ദ് ഏകർഷി. അവാർഡ് കിട്ടാത്തതിൽ ചെറിയൊരു വിഷമം ഉണ്ടായിരുന്നു എന്നതല്ലാതെ അവാർഡ് നിർണയത്തിൽ എന്തെങ്കിലും കളി നടന്നിട്ടുണ്ട് എന്ന ചർച്ചയിലേക്ക് പോകാൻ തങ്ങൾക്ക് താല്പര്യമില്ലെന്നും ജൂറിയുടെ തീരുമാനത്തെ തങ്ങൾ പരിപൂർണമായി അംഗീകരിക്കുന്നെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആനന്ദ് ഏകർഷി പറഞ്ഞു. 2022 ഡിസംബറിൽ സെൻസർ ചെയ്തതിനാൽ ആട്ടം കഴിഞ്ഞ വർഷത്തെ സ്റ്റേറ്റ് അവാർഡിലാണ് പരിഗണിക്കപ്പെട്ടത്. ദേശീയ പുരസ്കാരത്തിൽ മൂന്ന് അവാർഡുകൾ നേടിയ ആട്ടം സംസ്ഥാന പുരസ്കാരത്തിൽ പരിഗണിക്കപ്പെടാത്തത് വാർത്തയായിരുന്നു.

മികച്ച സിനിമ, മികച്ച എഡിറ്റര്‍, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് ആട്ടം ദേശീയ പുരസ്‌കാരം നേടിയത്. 2023ലെ ഐഎഫ്എഫ്‌കെ അടക്കമുള്ള ഫെസ്റ്റിവലുകളില്‍ ചിത്രം മത്സരിക്കുകയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്തത്.

ആനന്ദ് ഏകർഷിയുടെ വാക്കുകൾ :

ഞങ്ങളുടെ ഉദ്ദേശം വളരെ ഇന്റെൻസ് ആയ എൻഗേജിങ് ആയിട്ടുള്ള ഏതൊരു പ്രേക്ഷകനും ഇഷ്ടപ്പെടുന്ന സിനിമ ചെയ്യുക എന്നത് മാത്രമാണ്. അത് നമ്മുടെ കപ്പാസിറ്റിയുടെ മാക്സിമം ചെയ്യുക. 2022 ഡിസംബറിൽ സെൻസർ ചെയ്ത സിനിമയാണ് ആട്ടം. അതുകൊണ്ട് കഴിഞ്ഞ വർഷത്തെ സ്റ്റേറ്റ് അവാർഡിലാണ് ചിത്രം പരിഗണിക്കപ്പെട്ടത്. അവാർഡിന് അയക്കുമ്പോൾ ചിത്രം വളരെ ഫ്രഷ് ആയിരുന്നു, ഫെസ്റ്റിവലിന് പോലും അയച്ചിരുന്നില്ല. ജൂറിയുടെ തീരുമാനത്തെ ഞങ്ങൾ പരിപൂർണമായി അംഗീകരിക്കുന്നു. അവാർഡ് കിട്ടാത്തതിൽ ചെറിയൊരു വിഷമം ഉണ്ടായിരുന്നു എന്നതല്ലാതെ അവാർഡ് നിർണയത്തിൽ എന്തെങ്കിലും കളി നടന്നിട്ടുണ്ട് എന്ന ചർച്ചയിലേക്ക് പോകാൻ ഞങ്ങൾക്ക് താല്പര്യമില്ല. അത് എല്ലാത്തിന്റെയും സൗന്ദര്യം കളയും.

കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട്, അജി തിരുവാങ്കുളം, ജോളി ആന്റണി, മദൻ ബാബു, നന്ദൻ ഉണ്ണി, പ്രശാന്ത് മാധവൻ, സന്തോഷ് പിറവം, സെല്‍വരാജ് രാഘവൻ, സിജിൻ സിജീഷ്, സുധീര്‍ ബാബു, ഷെറിൻ ഷിഹാബ് എന്നിവരാണ് ആട്ടത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഛായാഗ്രാഹണം അനുരുദ്ധ് അനീഷായിരുന്നു. എഡിറ്റിംഗ് മഹേഷ് ഭുവനേന്ദ്.

Top