കോന്നി: ശബരിമലയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്ക് രോഗികളുമായി എത്തുന്ന ആംബുലൻസ് ഡ്രൈവർമാർ വട്ടം കറങ്ങുന്നു. ദിശാ സൂചക ബോർഡുകൾ ഇല്ലാത്തതുമൂലം യാത്രക്കാർ എല്ലാവരും വെട്ടിലാവുകയാണ്. പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മാത്രമാണ് കോന്നി മെഡിക്കൽ കോളജ് ബോർഡ് ഉള്ളത്. കോന്നി പാലം കഴിഞ്ഞാൽ ദിശാ ബോർഡ് ഇല്ലാത്തതിനാൽ കോന്നിയിൽ നിന്ന് വരുന്ന ആംബുലൻസ് ഉൾപ്പടെ ഉള്ളവ അട്ടച്ചാക്കൽ ഭാഗത്തേക്ക് പോവുകയും, കുമ്പഴ വെട്ടൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ അമ്പലം ജങ്ഷനിൽ എത്തി ഇടത്തോട്ട് തിരിയാതെ കോന്നി സെൻട്രൽ ജങ്ഷനിലേക്ക് പോവുകയുമാണ് നിലവിൽ ചെയ്യുന്നത്.
Also Read :തൃപ്പൂണിത്തുറയിൽ ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ച് അപകടം; 2 മരണം
അർധരാത്രിയിൽ രോഗികളുമായി കോന്നിയിൽ എത്തി വഴി തെറ്റിയാൽ വഴി ചോദിക്കാൻ പോലും ആരും ഉണ്ടാകില്ല. രാത്രിയിൽ എത്തുന്ന ആംബുലൻസുകൾ ആണ് ഏറെയും പ്രതിസന്ധിയിലാകുന്നത്. കോന്നി മുരിങ്ങമംഗലം അമ്പലം ജങ്ഷൻ, മഞ്ഞകടമ്പ്, ആനകുത്തി തുടങ്ങിയ ഭാഗങ്ങളിൽ ആണ് പ്രധാനമായും ഈ സൂചന ബോർഡ് വേണ്ടത്. ബോർഡ് സ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ഉയർന്നു വരുന്ന ആവിശ്യം.