ഗ്രേറ്റര്‍ നോയിഡ: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഗ്രേറ്റര്‍ നോയിഡയില്‍ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് സ്ത്രീയെ തല്ലിക്കൊന്നു. ടൊയോട്ട ഫോര്‍ച്യൂണറും 21 ലക്ഷം രൂപയുമാണ് സ്തീധനമായി ചോദിച്ചിരുന്നത്. അത് നല്‍കാത്തതിനെ തുടര്‍ന്നാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേര്‍ന്ന് മര്‍ദിച്ചതായി കരിഷ്മ വിളിച്ച് അറിയിച്ചതായി കരിഷ്മയുടെ സഹോദരന്‍ ദീപക് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് കരിഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
2022 ഡിസംബറിലാണ് വികാസിനെ കരിഷ്മ വിവാഹം കഴിക്കുന്നത്. ഗ്രേറ്റര്‍ നോയിഡയിലെ ഇക്കോടെക്-3-ലെ ഖേദ ചൗഗന്‍പൂര്‍ ഗ്രാമത്തില്‍ വികാസിന്റെ കുടുംബത്തോടൊപ്പമാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. വിവാഹസമയത്ത് വരന്റെ കുടുംബത്തിന് 11 ലക്ഷം രൂപയുടെ സ്വര്‍ണവും ഒരു എസ്.യു.വിയും കരിഷ്മയുടെ വീട്ടുകാര്‍ നല്‍കിയതായി ദീപക് പറഞ്ഞു. എന്നാല്‍ വികാസിന്റെ കുടുംബം വര്‍ഷങ്ങളായി കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. ശാരീരികമായും മാനസികമായും ഇവര്‍ കരിഷ്മയെ പീഡിപ്പിച്ചതായും ദീപക് വ്യക്തമാക്കി. ‘അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം പീഡനം കൂടി. വികാസിന്റെ ഗ്രാമത്തിലെ നിരവധി പഞ്ചായത്ത് മീറ്റിംഗുകളിലൂടെ രണ്ട് കുടുംബങ്ങളും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചു’ ദീപക് പറഞ്ഞു. തുടര്‍ന്ന് കരിഷ്മയുടെ കുടുംബം 10 ലക്ഷം രൂപ കൂടി കുടുംബത്തിന് നല്‍കിയെങ്കിലും പീഡനം അവസാനിച്ചില്ലെന്ന് ദീപക് ആരോപിച്ചു.
വികാസിന്റെ കുടുംബം അടുത്തിടെയണ് ഫോര്‍ച്യൂണര്‍ കാറിനും 21 ലക്ഷം രൂപയ്ക്കും ആവശ്യം ഉന്നയിച്ചത്. വികാസ്, പിതാവ് സോംപാല്‍ ഭാട്ടി, അമ്മ രാകേഷ്, സഹോദരി റിങ്കി, സഹോദരങ്ങളായ സുനില്‍, അനില്‍ എന്നിവര്‍ക്കെതിരെ സ്ത്രീധന പീഡനത്തിനും കൊലക്കുറ്റത്തിനും കേസെടുത്തു. സംഭവത്തില്‍ വികാസിനെയും പിതാവിനെയും അറസ്റ്റ് ചെയ്തു. കേസിലെ മറ്റ് പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.