കാട്ടാക്കട: പകര്‍ച്ചപ്പനി ഉള്‍പ്പെടെ ബാധിച്ച് ചികിത്സ തേടി എത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ദിവസവും കുട്ടികള്‍ ഉള്‍പ്പെടെ 300 ലേറെ രോഗികളെത്തുന്ന മാറനല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് കാരണം രോഗികള്‍ വലയുന്നു. രണ്ട് ഡോക്ടര്‍മാര്‍ ആശുപത്രിയിലുണ്ടെങ്കിലും ഒരാള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം വീട് സന്ദര്‍ശനം ഉള്‍പ്പടെയുള്ള ജോലികള്‍ക്കായി പോകുമ്പോള്‍ ഒരു ഡോക്ടറുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ.
ഡോക്ടറെ കാണാന്‍ രോഗികള്‍ക്ക് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടതായി വരുന്നു. അതിനുശേഷം മരുന്ന് വാങ്ങുന്നതിന് അതിലേറെ ബുദ്ധിമുട്ടാണ്. രണ്ട് ഫാര്‍മസിസ്റ്റുകള്‍ ഉണ്ടെങ്കിലും മിക്കപ്പോഴും ഒരാളുടെ സേവനമേ ലഭിക്കുന്നുള്ളൂ. ഇവിടെ ചികിത്സക്ക് എത്തുന്നതില്‍ ഭൂരിഭാഗവും നിര്‍ധനരായ രോഗികളാണ്. ലബോറട്ടറി സംവിധാനവും താറുമാറിലാണ്. നിര്‍ധനരായ രോഗികള്‍ക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടാണ്. കുടുംബാരോഗ്യത്തിന്റെ കീഴില്‍ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ അഞ്ചിടത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ പലപ്പോഴും സേവനം ലഭ്യമാകുന്നില്ലന്ന് പരാതിയുണ്ട്. മാറനല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയ സാഹചര്യത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, നഴ്‌സ് ഇവരുടെ എണ്ണം ഒരോന്നുവീതം കൂട്ടുന്നതിനായി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചെങ്കിലും അധികൃതരുടെ മെല്ലെപ്പോക്ക് കാരണം ഇഴയുന്നതായി പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.