പാരിസ്: ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്ന ഒളിമ്പിക് ഷൂട്ടിങ് മത്സരങ്ങൾ കണ്ടിട്ടുള്ളവർക്കറിയാം, അതിൽ മത്സരിക്കുന്നവർ ഒട്ടേറേ സംരക്ഷണ ഉപകരണങ്ങൾ ധരിച്ചാണ് മത്സരിക്കാനെത്തുക. മത്സരത്തിലെ കൃത്യത ഉറപ്പാക്കാനും കാഴ്ചയിലെ മങ്ങൽ ഒഴിവാക്കാനും പ്രത്യേക കണ്ണടയും പുറത്തുനിന്നുള്ള ശബ്ദത്തിന്റെ അലോസരം ഒഴിവാക്കാനുള്ള പ്രത്യേക ചെവി സംരക്ഷണ ഉപകരണവും മറ്റു ജാക്കറ്റുമെല്ലാം ഇത്തരത്തിൽ താരങ്ങൾ ഉപയോഗിക്കാറുണ്ട്.
എന്നാൽ, അനുവദനീയമായ ഇവയിൽ ഒന്നുപോലും ഉപയോഗിക്കാതെ കൂളായി ഷൂട്ടിങ് മത്സരത്തിനെത്തി വെള്ളി മെഡലുമായി മടങ്ങിയ ഒരു 51-കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ മത്സരിച്ച യൂസുഫ് ഡിക്കെച്ച് തുർക്കിയുടെ മിന്നും താരമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച, സഹതാരം സവ്വാൽ ലായ്ഡ ടർഹനൊപ്പം വെള്ളി മെഡലുമായി മടങ്ങിയ യൂസുഫിനെ കുറിച്ചാണ്.
മത്സരത്തിനിടെ തന്റെ സാധാരണ കണ്ണടയും ഒരു ഇയർ പ്ലഗ്ഗും മാത്രമാണ് യൂസുഫ് ഉപയോഗിച്ചത്. സാധാരണ ഒരു ടി ഷർട്ട് ധരിച്ചാണ് അദ്ദേഹം മത്സരത്തിനെത്തിയതും. പാരീസിലേത് താരത്തിന്റെ അഞ്ചാമത്തെ ഒളിമ്പിക്‌സാണ്. 2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സിലാണ് ആദ്യമായി മത്സരിച്ചത്. എന്നാൽ ആദ്യ മെഡൽ നേടാൻ പാരീസ് ഒളിമ്പിക്‌സ് വരെ കാത്തിരിക്കേണ്ടിവന്നു ഈ 51-കാരന്. എന്നാൽ ഇപ്പോൾ യൂസുഫിന്റെ ‘സ്വാഗി’നെ കുറിച്ചാണ് ലോക കായിക പ്രേമികളുടെ ചർച്ച മുഴുവൻ.