സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും രേവതി പ്രമുഖ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.
‘രഞ്ജിത്തിനെയും എന്നെയും കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്കറിയാം. ഇപ്പോൾ ആരോപിക്കപ്പെടുന്ന ഫോട്ടോകൾ എനിക്ക് ലഭിച്ചിട്ടില്ല, അതിനാൽ ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ല’ എന്നായിരുന്നു രേവതിയുടെ മറുപടി.
Also Read: മുകേഷ് എം എല്‍ എ സ്ഥാനം രാജിവച്ചേക്കില്ല
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണവുമായി ബംഗാളി നടിയും ഒരു സിനിമ പ്രവർത്തകനും രംഗത്ത് വന്നിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി.
ഹോട്ടൽ മുറിയിൽവെച്ച് തന്നെ രഞ്ജിത്ത് പീഡിപ്പിച്ചെന്നും ചിത്രങ്ങള്‍ രേവതിക്ക് അയച്ചെന്നുമായിരുന്നു യുവാവിന്‍റെ പരാതി. 2012-ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് താൻ പ്ലസ് ടു വിദ്യാർഥിയായിരുന്നു. പിന്നീട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത്, മദ്യം നൽകി ക്രൂരമായി പീഡിപ്പിച്ചെന്നും യുവാവ് പറഞ്ഞു. നഗ്ന ചിത്രം പകർത്തി പലർക്കും അയച്ചുകൊടുത്തെന്നും ഇയാള്‍ ആരോപിച്ചിരുന്നു.രേവതിക്കാണ് താൻ ചിത്രം അയച്ചതെന്നും അവർക്ക് ഇത് ഇഷടപ്പെടുമെന്നും രഞ്ജിത്ത് പറഞ്ഞതായും യുവാവ് ആരോപിച്ചിരുന്നു. സംഭവത്തിൽ രഞ്ജിത്തിനെതിരെ കോഴിക്കോട് കസബ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തിലെ ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് കാരപ്പറമ്പിൽ എത്തി യുവാവിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു.
Also Read: ഇ.പിയെ മാറ്റിയത് ബിജെപി ബന്ധം കൊണ്ടല്ല, മുകേഷിന്റെ കാര്യം പാര്‍ട്ടി പറയും
ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നെന്നും കെെയിലുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് അറിയിച്ചിരുന്നു. കേസ് പിൻവലിക്കാൻ സമ്മർദവും ഭീഷണിയും ഉണ്ട്. സ്വാധീനിക്കാൻ പലരും ശ്രമിക്കുന്നു. തനിക്ക് നീതിയാണ് ആവശ്യമെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ഉണ്ടെന്നും യുവാവ് പറഞ്ഞിരുന്നു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ബംഗാളി നടി നൽകിയ പരാതിയിൽ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമാവുകയും തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്ത് രാജിവെക്കുകയും ചെയ്തിരുന്നു.