തൃശൂര്‍: കുവൈത്തില്‍ ചുരുങ്ങിയ മണിക്കൂറുകള്‍ ചെലവിടാന്‍ മന്ത്രി വീണാ ജോര്‍ജ് പോയിട്ട് കാര്യമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര മന്ത്രി കുവൈത്തില്‍ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും നാട്ടില്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിരുന്നു. വീണാ ജോര്‍ജിനു കേന്ദ്രം അനുമതി നിഷേധിച്ചതിന്റെ നിയമവശം അറിയില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
”ഒരു മാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങിയ ലോക കേരള സഭയ്ക്ക് മൂന്നു ദിവസം മുന്‍പാണ് ക്ഷണിച്ചത്. ഇതിനു മുന്‍പ് നടന്ന ലോകകേരള സഭയിലൊന്നും ക്ഷണമുണ്ടായിരുന്നില്ല. കണ്ണൂരിലെ തിരഞ്ഞെടുപ്പ് ഫലം ബോംബ് സംസ്‌കാരത്തിനും കലാപത്തിനുമുള്ള തിരിച്ചടിയാണ്. ഗവര്‍ണര്‍ക്കു വരെ ഈ നാട്ടില്‍ രക്ഷയില്ല. ജനാധിപത്യ രീതിയിലുള്ള സമരമല്ല എനിക്കെതിരെ നടന്നത്. എന്റെ കാര്‍ വരെ തകര്‍ത്ത ആക്രമികള്‍ക്ക് മുഖ്യമന്ത്രി കൈ കൊടുത്തു. ഗവര്‍ണരുടെ സ്ഥാനത്തിനു വില കല്‍പ്പിക്കുന്നില്ല. അങ്ങനെ ഉള്ളപ്പോള്‍ ഞാന്‍ എന്തിനു ലോക കേരളസഭയിലേക്ക് പോകണം.” – ഗവര്‍ണര്‍ പറഞ്ഞു.