ദോഹ: കാർബൺ ബഹിർഗമനം കുറച്ചു കൊണ്ട്, പരിസ്ഥിതി സൗഹൃദമായ ചുവടുവെപ്പുകൾക്ക് തുടക്കമിട്ട ഖത്തർ നാഷനൽ മ്യൂസിയത്തിന് അംഗീകാരം. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള പ്രകടന അംഗീകാരമായാണ് കാർബൺ ന്യൂട്രാലിറ്റി സർട്ടിഫിക്കറ്റ് ഖത്തർ ദേശീയ മ്യൂസിയത്തെ തേടിയെത്തിയത്.
ഒരു സാംസ്കാരിക സ്ഥാപനം എങ്ങനെ സുസ്ഥിര-പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ മാതൃകയാവുന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് ഈ അംഗീകാരം. മ്യൂസിയത്തിന് പരിസ്ഥിതി മികവിനുള്ള അംഗീകാരമെത്തുന്നത്, ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റുമായി (ഗോർഡ്) സഹകരിച്ചാണ്.
‘ഗോർഡിന്റെ’ വൈദഗ്ധ്യം കാലാവസ്ഥ വ്യതിയാനത്തിലും സുസ്ഥിരതയിലും പ്രയോജനപ്പെടുത്തി, ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന സാഹചര്യങ്ങൾ കുറക്കുകയും, ഇതോടെ സമഗ്രമായ കാർബൺ ന്യൂട്രാലിറ്റി പ്ലാൻ വികസിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ദേശീയ മ്യൂസിയം ഈ നേട്ടം കൊയ്തത്. കാർബൺ ബഹിർഗമനം കുറക്കാനുള്ള ചുവടുവെപ്പുകൾക്കുള്ള അംഗീകാരമാണ് ന്യൂട്രാലിറ്റി സർട്ടിഫിക്കറ്റ് നേട്ടമെന്ന് നാഷനൽ മ്യൂസിയം ഡയറക്ടർ ശൈഖ് അബ്ദുൽ അസീസ് ആൽഥാനി.
പരിസ്ഥിതി സൗഹൃദമായ പ്രവർത്തനങ്ങളിലൂടെ ലോകമെങ്ങുമുള്ള പൈതൃക സംരക്ഷണ സ്ഥാപനങ്ങൾക്ക് ദേശീയ മ്യൂസിയം മാതൃകയാവുന്നതായി ഗോർഡ് സ്ഥാപക ചെയർമാൻ ഡോ. യൂസുഫ് അൽഹോറും വ്യക്തമാക്കി.
ജീവനക്കാരെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുക, ഊർജ-കാര്യക്ഷമമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം, മാലിന്യ നിർമാർജനവും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുക, പുനരുൽപാദന ഊർജ സ്രോതസ്സുകളിലേക്കുള്ള മാറ്റം, സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുക, ജല ഉപഭോഗം നിയന്ത്രിക്കുക, കാർബൺ ബഹിർഗമനം സംബന്ധിച്ച് കൃത്യമായുള്ള വിലയിരുത്തൽ എന്നിവ ഉൾപ്പെടുന്നതാണ് മ്യൂസിയത്തിന്റെ പ്രധാന പദ്ധതി.