മനാമ: പുതിയ മാറ്റങ്ങളുമായി മനാമ. കോയിൻ ഓപറേറ്റഡ് പാർക്കിങ് മീറ്ററുകൾക്ക് പകരം പുതിയ ഡിജിറ്റൽ സ്മാർട്ട് പാർക്കിങ് മീറ്ററുകളെത്തി. കഴിഞ്ഞ ദിവസം ഡിജിറ്റൽ സ്മാർട്ട് പാർക്കിങ് മീറ്ററുകൾ മുഹറഖിലെ ശൈഖ് ഹമദ് അവന്യൂവിൽ സ്ഥാപിച്ചു. ഡ്രൈവർമാർക്ക് മൊബൈൽ ആപ് ഉപയോഗിച്ച് പാർക്കിങ്ങിന് പണമടക്കാവുന്ന സംവിധാനമാണ് ഇപ്പോൾ ഇതിലൂടെ സാധ്യമായിരിക്കുന്നത്.
രാജ്യത്തെമ്പാടുമുള്ള നാണയമിടുന്ന മീറ്ററുകൾ ഘട്ടംഘട്ടമായി നിർത്തലാക്കാനും, പാർക്കിങ് രീതികൾ കൂടുതൽ ആധുനിക രീതിയിലാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ സംവിധാനം. അതുമാത്രമല്ല പാർക്കിങ് ലളിതവും വേഗത്തിലുമാക്കാനും ഡ്രൈവർമാർക്ക് ഓൺലൈൻ പേമെന്റ് ആപ്പുകൾ വഴി ഫീസ് അടക്കാനും ഈ മാറ്റം ലക്ഷ്യമിടുന്നു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന പുതിയ സ്മാർട്ട് പാർക്കിങ് മീറ്ററുകൾ വ്യാപാരമേഖലക്കും ഉണർവേകും.
Also Read : ഓൺലൈൻ തട്ടിപ്പുകാരിൽനിന്ന് കുട്ടികളെ രക്ഷിക്കുക! മുന്നറിയിപ്പുമായി അധികൃതർ
ഇനി വേഗത്തിൽ പണമടക്കാം
നാണയങ്ങൾക്കായി പരതുന്ന സമയവും പരമ്പരാഗത മീറ്ററുകളിൽ നാണയമിടാനായി കാത്തുനിൽക്കേണ്ട സമയവും ലാഭിക്കാൻ ഇതു വഴി കഴിയും. മാത്രമല്ല നാണയം നിറയുമ്പോൾ മീറ്ററുകൾ തുറന്ന് അവ മാറ്റുന്ന പ്രവൃത്തിയും ഒഴിവാക്കാൻ കഴിയും.
Also Read : അപ്ഡേറ്റ് ചെയ്തില്ല; 249 പേരുടെ വിലാസങ്ങൾ നീക്കി
സ്മാർട്ട്ഫോണിലൂടെയോ കോൺടാക്ട്ലെസ് കാർഡിലൂടെയോ വേഗത്തിൽ പണമടക്കാനാകും. പോക്കറ്റിൽ 100 ഫിൽസ് കോയിൻ ഇല്ലാത്തതിനാൽ പാർക്കിങ് ഫീസ് കൊടുക്കാതിരിക്കുകയും തിരിച്ചുവരുമ്പോൾ വൻ തുക പിഴയായി കൊടുക്കേണ്ടി വരുകയും ചെയ്യുന്ന അവസ്ഥ പലർക്കുമുണ്ടായിരുന്നു. അത് ഷോപ്പിങ് ഉപേക്ഷിക്കാനും കാരണമായിരുന്നു.