പാലക്കാട്: പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളില്‍ തൊഴില്‍നൈപുണ്യം വളര്‍ത്തിയെടുക്കാന്‍ ക്രിയേറ്റീവ് ക്ലാസ്മുറികള്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത് 600 ക്ലാസ് മുറികളാണ് ഇങ്ങനെ ക്രിയേറ്റീവ് കോര്‍ണറുകളാക്കിമാറ്റുക. യു.പി. വിഭാഗത്തിലെ അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആവശ്യമെങ്കില്‍ സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികള്‍ക്കും ക്ലാസ്മുറി ഉപയോഗപ്പെടുത്താം. വയറിങ്, പ്ലംബിങ്, വുഡ് ഡിസൈനിങ്, പാചകം, കൃഷി, ഫാഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് തുടങ്ങി വിവിധ മേഖലകളില്‍ ഇവിടെ പരിശീലനം നല്‍കും.
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയാണ് ഇതിനുള്ള സാങ്കേതികസഹായം നല്‍കുന്നത്. പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താന്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ‘സ്റ്റാര്‍സ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്രിയേറ്റീവ് ക്ലാസ് റൂം പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാതലങ്ങളില്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.
Also Read: യു.ജി.സി നെറ്റ്; പരീക്ഷാഫലം നാളെ
സമഗ്രശിക്ഷാ കേരളയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഒരു പഞ്ചായത്തില്‍ രണ്ടുവര്‍ഷത്തിനകം ഒരു സ്‌കൂളിലെങ്കിലും ക്രിയേറ്റീവ് ക്ലാസ്മുറി ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും 300 യു.പി. സ്‌കൂളുകളില്‍ ഉടന്‍ ക്രിയേറ്റീവ് ക്ലാസ് മുറികള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.