ധാക്ക: ഭരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെ ബംഗ്ലാദേശില്‍ ഇനി സൈനിക ഭരണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും പ്രമുഖരുമായും ബംഗ്ലാദേശ് കരസേനാ മേധാവി ജനറല്‍ വക്കര്‍-ഉസ്-സമാന്‍ കൂടിക്കാഴ്ച നടത്തി. സൈന്യം ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങാന്‍ പ്രതിഷേധക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ധാക്കയിലെ തെരുവുകളില്‍ പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവും തെരുവില്‍ ആഘോഷം തുടങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷെയ്ഖ് ഹസീന ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന തലസ്ഥാന നഗരമായ ധാക്ക വിട്ടത്. ഷെയ്ഖ് ഹസീനയും സഹോദരിയും ഒരുമിച്ചാണ് രാജ്യം വിട്ടതെന്നാണ് വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് 98 പേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസുമായും ഭരണകക്ഷി പ്രവര്‍ത്തകരുമായും പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുകയായിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പതിനായിരക്കണക്കിന് സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും സ്റ്റണ്‍ ഗ്രനേഡുകള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ സര്‍ക്കാര്‍ രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധത്തില്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു. രാജ്യത്തെ ക്രമസമാധാന നില കൈവിട്ടു പോകുന്നുവെന്ന തിരിച്ചറിവിലായിരുന്നു അത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ മുതിര്‍ന്നത്.
1971-ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സര്‍ക്കാര്‍ ജോലിയിലെ സംവരണം പുനഃരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 2018ല്‍ എടുത്തുകളഞ്ഞ സംവരണം തിരികെ കൊണ്ടുവരാനുള്ള നടപടിക്കെതിരെ ധാക്കയുള്‍പ്പെടെയുള്ള നഗരങ്ങളിലെ നൂറുക്കണക്കിന് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് തെരുവിലുള്ളത്. ഇതിനിടെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി താല്‍ക്കാലികമായി റദ്ദാക്കിയെങ്കിലും പ്രതിഷേധം തണുപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഹസീന രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ പ്രക്ഷോഭം കടുപ്പിക്കുകയായിരുന്നു. സംവരണ വിരുദ്ധ പ്രക്ഷോഭകരും ഹസീനയുടെ നേതൃത്വത്തിലുള്ള അമാവി ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയും നേര്‍ക്കുനേര്‍ എത്തിയതോടെയാണ് പ്രക്ഷോഭം രക്തരൂക്ഷിതമായത്.