ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2’ തിയേറ്ററുകളിൽ എത്താൻ ഇനി 30 ദിനങ്ങൾ മാത്രം. തിയേറ്ററുകൾ പ്രകമ്പനം കൊള്ളിക്കാൻ ഡിസംബർ അഞ്ചിനാണ് പുഷ്പരാജ് എത്തുക. പുഷ്പരാജിനെ തെലുങ്കാനയുടെ മണ്ണിൽ നിന്നും കേരളത്തിലെത്തിക്കാൻ മുൻകൈ എടുത്തിരിക്കുകയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റ് തീർന്നത്. ‘പുഷ്പ ദ റൂൾ’ ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്നാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അറിയിച്ചിരിക്കുന്നത്. സിനിമയുടെ റിലീസ് ഗംഭീര ആഘോഷമാക്കി മാറ്റുന്നത്തിനായി ആരാധകർ ഇപ്പോഴെ ഒരുങ്ങിക്കഴിഞ്ഞു.
സിനിമയുടെ പുതിയ പോസ്റ്ററിൽ പുഷ്പരാജും ഭൻവർസിംഗും മുഖത്തോടുമുഖം നോക്കി നിൽക്കുന്നതാണുള്ളത്. സിനിമയുടെ ട്രെയിലർ ഉടൻ പുറത്തിറങ്ങുന്നതായിരിക്കും.’ലിയോ കേരളത്തിൽ നിന്നും ആദ്യ ദിനം കളക്ട് ചെയ്ത 12 കോടിയെ മറികടക്കുക, കേരളത്തിൽ റിലീസിന്‍റെ ആദ്യ ദിനം മുതൽ 24 മണിക്കൂറും ഷോകൾ പ്രദർശിപ്പിക്കുക’ എന്നിവയാണ് തങ്ങളുടെ പ്രധാന അജണ്ടകളെന്ന് മുകേഷ് ആർ മേത്ത അറിയിച്ചിരിക്കുകയാണ്.
Also Read:പുഷ്പ 2: ആദ്യ റിവ്യൂ പറഞ്ഞ് ജിസ് ജോയ്
ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്‍റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂൾ’ ബോക്സ് ഓഫീസിൽ ആളി കത്തും എന്നാണ് കണക്കുകൂട്ടൽ. രണ്ടാം ഭാഗത്തിലും സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനാണ് അല്ലു അർജുനും സംവിധായകൻ സുകുമാറും ഒത്തുചേർന്നിരിക്കുന്നത്. ആദ്യ ഭാഗത്തിന്‍റെ ജനപ്രീതിയെ തുടര്‍ന്ന് അല്ലു അർജുൻ ടൈറ്റിൽ റോളിൽ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതിനാൽ തന്നെ ടോട്ടൽ ആക്ഷനും മാസുമായി ഒരു ദൃശ്യ വിപ്ലവം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.
ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട് പ്രകാരം ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞു. അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും പുതിയൊരു കാഴ്ച വിസ്മയം തന്നെ തീർക്കുമെന്നാണ് കണക്കുകൂട്ടുന്നത്.