CMDRF

നടപടിയെടുക്കാന്‍ ആരുടെയും പരാതിയുടെ ആവശ്യമില്ല: ആനി രാജ

നടപടിയെടുക്കാന്‍ ആരുടെയും പരാതിയുടെ ആവശ്യമില്ല: ആനി രാജ
നടപടിയെടുക്കാന്‍ ആരുടെയും പരാതിയുടെ ആവശ്യമില്ല: ആനി രാജ

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ ആരുടെയും പരാതിയുടെ ആവശ്യമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. സമയബന്ധിതമായ നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവണം. റിപ്പോര്‍ട്ട് വൈകിയത് പോലെ നടപടി വൈകരുതെന്നും ഒരു കേസുമില്ലാതെ പരിഹരിക്കേണ്ട കാര്യങ്ങളുണ്ടെന്നും ആനി രാജ ഡല്‍ഹിയില്‍ പറഞ്ഞു.

കാലതാമസത്തെ ന്യായീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ആ പോസ്റ്റുമോര്‍ട്ടത്തിലേക്കല്ല ഇപ്പോള്‍ പോവേണ്ടതെന്ന് ആനി രാജ പ്രതികരിച്ചു. നിലവില്‍ റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് മുന്നിലുണ്ട്. ആ റിപ്പോര്‍ട്ടില്‍ നടപടികള്‍ വൈകരുത്. എങ്കില്‍ മാത്രമേ ഭാവിയിലും സ്ത്രീകള്‍ക്ക് ഭയരഹിതരായി കടന്നുവരാന്‍ കഴിയൂ. ജോലി സ്ഥലത്തെ സൌകര്യങ്ങള്‍ ഉള്‍പ്പെടെ ഒരു കേസുമില്ലാതെ പരിഹരിക്കേണ്ട കാര്യങ്ങളുണ്ട്. കോണ്‍ക്ലേവ് വിളിച്ച് വേട്ടക്കാരെയും അതിജീവിതകളെയും ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്. കോണ്‍ക്ലേവ് എന്നത് സാമാന്യബുദ്ധിക്ക് മനസ്സിലാകുന്ന കാര്യമല്ലെന്നും ആനി രാജ വ്യക്തമാക്കി.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടി കോടതിയിലേക്ക് തട്ടിയിരിക്കുകയാണ് സര്‍ക്കാര്‍. കേസെടുക്കുന്നില്‍ ഹൈക്കോടതി നിലപാട് പറയട്ടെ എന്ന് പറഞ്ഞ് സാംസ്‌കാരിക മന്ത്രി ഇന്നും ഒഴിഞ്ഞുമാറി. ആദ്യം പഠിക്കട്ടെയെന്ന് പറഞ്ഞു. പിന്നെ പരാതി തന്നാല്‍ മാത്രം കേസെന്ന് പറഞ്ഞു. ഒടുവില്‍ കോടതി ഇടപെട്ടതോടെ ഇനി എല്ലാം കോടതി തീരുമാനിക്കട്ടെ എന്നായി. ഗുരുതരമായ മൊഴികളുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്.

ഭാരതീയ ന്യായസംഹിത പ്രകാരം നേരിട്ട് കേസെടുക്കാവുന്ന കുറ്റം വ്യക്തമായാല്‍ പരാതി ഇല്ലെങ്കില്‍ പോലും പൊലീസിന് കേസെടുക്കാമെന്നുള്ളത് സര്‍ക്കാര്‍ മനപ്പൂര്‍വ്വം മറയ്ക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട് നയരൂപീകരണം മാത്രമായിരുന്നു സര്‍ക്കാറിന്റെ മനസ്സില്‍. ഇരകള്‍ പരാതി നല്‍കിയാല്‍ മാത്രം കേസെന്ന നിലപാടും എടുത്തു. പക്ഷെ കോടതി ഇടപെട്ടതോടെ ഇനി നിലപാട് അറിയിക്കേണ്ട ബാധ്യത കൂടി വന്നിരിക്കുന്നു. നിയമ, രാഷ്ട്രീയ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ എന്ത് അറിയിക്കുമെന്നത് പ്രധാനമാണ്.

Top